എ.ഐ ക്യാമറയുടെ മറവില്‍ നടന്നത് വലിയ കൊള്ളയാണെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്റെ മറവില്‍ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തില്‍ ആണ്ടിരുന്ന താങ്കള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നു. എല്ലാം ദുരാരോപണങ്ങളാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഇക്കാര്യം ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയനു രമേശ് ചെന്നിത്തല അയച്ച തുറന്ന കത്തിലെ പ്രസക്ത ഭാഗങ്ങള്‍
- പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നും കെട്ടിച്ചമച്ചിട്ടില്ല. ഈ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകള്‍ പുറത്തു കൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകും? കറക്ക് കമ്പനികളെവച്ച് നടത്തിയ കൊള്ളയുടെ രേഖകളാണ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത്. മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും അവര്‍ അന്വേഷിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരികയും ചെയ്തു.
- തട്ടിപ്പിന്റെ തെളിവുകള്‍ വരുമ്പോള്‍ അവ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാകില്ല. പുറത്തു കൊണ്ടുവന്ന രേഖകളിന്മേല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. രേഖകള്‍ കെട്ടിച്ചമച്ചതാണെങ്കില്‍ ഒറിജിനല്‍ രേഖകള്‍ പുറത്തു വിടാന്‍ തയാറാണോ?
- ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഒരു മണിക്കൂര്‍ പത്രസമ്മേളനം നടത്തി വാചക കസര്‍ത്തു നടത്തുകയും സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങള്‍ ചോദിപ്പിച്ച് മറുപടി പറയുകയും ചെയ്യുന്ന താങ്കളുടെ ശൗര്യം ഇപ്പോള്‍ എവിടെപ്പോയി?
- മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് പൊതു സമൂഹത്തോടുള്ള പുച്ഛത്തിന്റെ തെളിവാണ്. ഇതു കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
- ഏറ്റവും ഒടുവില്‍ പുറത്തു വന്ന രേഖകള്‍ അനുസരിച്ച് 58 കോടി രൂപയ്ക്ക് തീരേണ്ട പദ്ധതിയാണ് 152 കോടിയും പിന്നീട് 232 കോടിയുമൊക്കെയായി ഉയര്‍ത്തിയത്.
- പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുമ്പേ അഴിമതി ആസൂത്രണം നടത്തി എന്നാണു രേഖകള്‍ തെളിയിക്കുന്നത്. കൃത്രിമമാണു നടന്നിരിക്കുന്നത്. ടെന്‍ഡര്‍ നേടിയ എസ്.ആര്‍.ടി.ഒയും അശോക ബില്‍ഡ്കോണും നേരത്തെ തന്നെ ബിസിനസ് പങ്കാളികളായിരുന്നു. മറ്റൊരു കമ്പനിയായ അക്ഷരയക്ക് ആവശ്യമായത്ര പരിചയ സമ്പത്തുമില്ല. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികള്‍ ടെന്‍ഡറില്‍ ഒത്തുകളിക്കുന്നത് കുറ്റകരമാണ്. കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലുള്ള കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യക്ക് (സി.സി.ഐ) ഇടപെടാനും ശിക്ഷ വിധിക്കാനുമാകും.
- ഇടപാടില്‍ ലാഭം കൊയ്ത പ്രസാഡിയോക്ക് സി.പി.എമ്മുമായി എന്താണ് ബന്ധമെന്നു വെളിപ്പെടുത്തണം. കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60% പ്രസാഡിയോ കൈക്കലാക്കുന്നതിന്റെ രഹസ്യം പുറത്തുവിടണം.
- ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകള്‍ ശരിക്കും എ.ഐ. ക്യാമറകളാണോ?
വിവാദം കുടിപ്പകയുടെ സൃഷ്ടി: മന്ത്രി ആന്റണി രാജു
റോഡ് ക്യാമറ കോഴ വിവാദം ടെന്‍ഡര്‍ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് മന്ത്രി ആന്റണി രാജു. പ്രതിപക്ഷം ആ ആരോപണത്തിനു കുട പിടിക്കുകയാണ്. മുഖ്യമന്തിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വിവാദം. മുഖ്യമന്തിക്കെതിരേ വ്യക്തിഹത്യയാണു നടക്കുന്നത്. കോണ്‍ഗ്രസ് ഫാക്ടറിയിലെ നുണക്കഥ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍ പ്രതിപക്ഷം പ്രതിക്കൂട്ടിലാകും. മുന്‍പ്രതിപക്ഷ നേതാവിന്റെ അവസ്ഥയാകും വി.ഡി സതീശന്. ക്യാമറയുടെ വിലയില്‍ ഒരു കുഴപ്പവുമില്ല. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ. ക്യാമറ സ്ഥാപിക്കുന്നതിന് ഉപകരാര്‍ എടുത്ത കമ്പനിയും സര്‍ക്കാരും തമ്മില്‍ ബന്ധമില്ല. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം വ്യവസായ വകുപ്പല്ല പരിഹരിക്കേണ്ടത്. സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നെങ്കില്‍ കോടതിയെ സമീപിക്കണമായിരുന്നു. പേപ്പര്‍ കമ്പനികളാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. പദ്ധതിയെ തകര്‍ക്കാനുള്ള പാഴ്ശ്രമമാണു നടക്കുന്നത്. കെല്‍ട്രോണ്‍ കരാര്‍ കൊടുത്തതില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കില്‍ തിരുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.
