റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനുകള്‍ അമിതവേഗത്തിലായിരുന്നില്ല: റെയില്‍വേ ബോര്‍ഡംഗം

June 5, 2023 - 12:27 pm

ന്യൂഡല്‍ഹി: മുന്നൂറോളം പേരുടെ മരണത്തിലേക്കു നയിച്ച ഒഡീഷ ട്രെയിന്‍ അപകടം നടന്ന ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനിലേക്കു പ്രവേശിക്കുമ്പോള്‍ ട്രെയിനുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് ബി.ഡി. അംഗം ജയ വര്‍മ സിന്‍ഹ. സ്റ്റേഷനില്‍ നാലു റെയില്‍വേ ലൈനുകളുണ്ട്. മധ്യഭാഗത്ത് രണ്ടു പ്രധാന ലൈനുകളും ഇരുവശത്തും രണ്ടു ലൂപ്പ് ലൈനുകളുമാണുള്ളത്. അപകടം നടക്കുമ്പോള്‍ ഈ രണ്ട് ലൂപ്പ് ലൈനുകളിലും ഇരുമ്പയിര് കയറ്റിയ ഗുഡ്സ് ട്രെയിനുകള്‍ ഉണ്ടായിരുന്നു. നടുവിലെ രണ്ടു ലൈനുകളും എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പോകാനായി സജ്ജമാക്കിയിരുന്നു. ഈ രണ്ടു ട്രെയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. രണ്ട് പ്രധാന ലൈനുകളിലും സിഗ്നല്‍ പച്ചയുമായിരുന്നു.

കൊറമാണ്ഡല്‍ എക്സ്പ്രസ് 128 കിലോമീറ്ററിലും ബംഗളുരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 126 കിലോമീറ്റര്‍ വേഗതയിലുമായിരുന്നു. പരിധി മണിക്കൂറില്‍ 130 കിലോമീറ്ററാണ്, അതിനാല്‍ ഇവയൊന്നും അമിത വേഗത്തിലായിരുന്നില്ലെന്നും ജയ വര്‍മ സിന്‍ഹ പറഞ്ഞു. അപകടം നടന്ന മേഖലയില്‍ ഒരു സിഗ്നലിങ് പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അതിനെ പരാജയമെന്നു വിളിക്കുന്നത് ശരിയല്ല. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവരൂവെന്നും അവര്‍ പറഞ്ഞു.

ഗുഡ്സ് ട്രെയിനിന്റെ ബോഗികള്‍ക്കു മുകളിലേക്ക് കൊറമാണ്ഡല്‍ എക്സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. ട്രെയിന്‍ 128 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്നതിനാല്‍ ഇടിയുടെ ആഘാതം വലുതായി. ലൂപ്ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലുണ്ടായിരുന്നത് ഇരുമ്പയിരാണ്. അതുകൊണ്ട് ഇടിയുടെ എല്ലാ ആഘാതവും നേരിടേണ്ടിവന്നത് കൊറമാണ്ഡല്‍ എക്സ്പ്രസിനായി. അതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കൊറമാണ്ഡലിന്റെ ബോഗികള്‍ മൂന്നാം ട്രാക്കിലേക്കു തെന്നിമാറി ബംഗളുരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ടു ബോഗികളില്‍ ഇടിക്കുകയായിരുന്നെന്നും ജയ വര്‍മ സിന്‍ഹ പറഞ്ഞു.

കൊറമാണ്ഡല്‍ എക്സ്പ്രസില്‍ സുരക്ഷിതമായ എല്‍.എച്ച്.ബി. കോച്ചുകളാണുള്ളത്. അപകടം സംഭവിച്ചാല്‍ ഇത്തരം കോച്ചുകള്‍ തലകീഴായി മറിയില്ല. എന്നാല്‍, ഇരുമ്പയിര് നിറച്ച ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയതിനാല്‍ സുരക്ഷിത കോച്ചുകള്‍ക്കു നാശം സംഭവിച്ചതായും അവര്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *