റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുമോടിയിൽ കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ; ഫോർട്ട് കൊച്ചിക്ക് 1.45 കോടിയുടെ പദ്ധതി

June 28, 2023 - 2:18 pm

കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ റസ്റ്റ് ഹൗസ് നവീകരിക്കാൻ 1.45 കോടി രൂപ അനുവദിച്ചു.

ഫോർട്ട് കൊച്ചി ബീച്ചിന് സമീപമാണ് റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള രണ്ട് കെട്ടിടങ്ങളും നവീകരിക്കാനാണ് തീരുമാനം. 1962 ലും 2006 ലും നിർമ്മിച്ച കെട്ടിടങ്ങൾ ആകർഷകമാക്കും. തനിമ നഷ്ടപ്പെടാതെ റസ്റ്റ് ഹൗസുകൾ നവീകരിക്കാനാണ് തീരുമാനം.

2021 ജൂണിൽ ഫോർട്ട് കൊച്ചി സന്ദർശനവേളയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് റസ്റ്റ് ഹൗസിൽ എത്തിയിരുന്നു. റസ്റ്റ് ഹൗസ് നവീകരിക്കുമെന്ന് അന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. ഫോർട്ട് കൊച്ചിയെ കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, പാലക്കാട് ജില്ലയിലെ തൃത്താല, വയനാട് ജില്ലയിലെ മേപ്പാടി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൊല്ലം ജില്ലയിലെ കുണ്ടറ എന്നിവിടങ്ങളിൽ പുതിയ റസ്റ്റ് ഹൗസ് കെട്ടിടങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. ഇവ ഉടൻ തുറന്നു കൊടുക്കും.

2021 നവംബർ 1 നാണ് കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറുന്നത്. ഓൺലൈൻ ബുക്കിംഗിലൂടെ റസ്‌ററ് ഹൗസ് മുറികൾ ജനങ്ങൾക്ക് കൂടി എളുപ്പത്തിൽ ലഭ്യമാക്കുന്നതായിരുന്നു പദ്ധതി. ഒന്നരവർഷം പൂർത്തിയാകുമ്പോൾ തന്നെ ജനങ്ങൾ ആശ്രയിക്കുന്ന സ്ഥലമായി റസ്റ്റ് ഹൗസുകൾ മാറി. ഇതിലൂടെ സർക്കാരിന് ഇരട്ടിയിലധികം വരുമാനവും ലഭിച്ചു. ഇതോടനുബന്ധിച്ച് റസ്റ്റ്ഹൗസുകൾ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *