റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എടിഎം കൗണ്ടറിൽ പണം എടുക്കാൻ സഹായിക്കാനെന്ന വ്യാജേന പണം തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

July 14, 2023 - 10:55 am

ഇടുക്കി: എടിഎം കൗണ്ടറിൽ പണം എടുക്കാൻ അറിയാത്ത ഇടപാടുകാരെ സഹായിക്കാനെന്ന വ്യാജേന എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്‌നാട് ജെ.കെ പെട്ടി സ്വദേശി തമ്പിരാജിനെയാണ് (46) പൊലീസ് പിടികൂടിയത്. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായർ എന്നയാൾ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 2023 ജൂലൈ രണ്ടിനാണ് സംഭവം നടന്നത്.

കട്ടപ്പന ഇടശ്ശേരി ജംഗ്ഷനിലുള്ള എസ്.ബി.ഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കാർഡ് മെഷീനിൽ ഇടാൻ കഴിഞ്ഞില്ല. തുടർന്ന് തൊട്ടടുത്തുള്ള മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറുകളിൽ കയറിയെങ്കിലും അവിടെയും ഇതേ പ്രശ്നം. എന്നാൽ മറ്റൊരു എടിഎം മെഷീന് മുന്നിൽ പൈസയുമായി ഒരാൾ നിൽക്കുന്നത് കണ്ട് എങ്ങനെ പണം എടുത്തുവെന്ന് അന്വേഷിച്ചു. ഇതോടെ ഇയാൾ സഹായഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു.

സംഭവത്തിൽ എടിഎം കാർഡ് ശ്രീജിത്തിന്റെ കൈയ്യിൽ നിന്ന് അയാൾ വാങ്ങി എടിഎം മെഷീനിൽ ഇടുകയും തുടർന്ന് പിൻ നമ്പർ അടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തെറ്റായ പിൻ എന്ന് സ്‌ക്രീനിൽ തെളിഞ്ഞതോടെ കാർഡുമായി ശ്രീജിത്ത് മടങ്ങിപ്പോയി. കൂടുതൽ എടിഎമ്മുകളിൽ ഉപയോഗിച്ചതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ശ്രീജിത്ത് കരുതിയത്. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെടുന്നതായുള്ള മെസ്സേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധയിൽപെട്ടത്.

മോഷണം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങളിലെ എടിഎം മെഷനുകളിൽ നേരത്തെ തന്നെ എത്തി പേപ്പർ കുത്തികയറ്റി പ്രവർത്തനരഹിതമാക്കു കയാണ ഇയാളുടെ രീതി. ഈ കൗണ്ടറുകളിലെത്തി പണമെടുക്കാൻ കഴിയാതെ വരുന്ന ഉപഭോക്താക്കൾ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. ഇങ്ങനെയെത്തുന്ന ഇടപാടുകാരിൽ നിന്ന് തന്ത്രത്തിൽ എടിഎം കാർഡ് കൈക്കലാക്കും. ശേഷം തന്റെ കൈയ്യിൽ സൂക്ഷിച്ചിരിക്കുന്ന അതേ ബാങ്കിന്റെ മറ്റൊരു കാർഡ് ഇടപാടുകാരൻ കാണാതെ മെഷീനിൽ ഇടും. തുടർന്ന് പിൻ നമ്പർ അടിക്കാൻ പറയും. എന്നാൽ പിൻ നമ്പർ തെറ്റാണെന്ന സന്ദേശം എടിഎം മെഷീനിലെ സ്ക്രീനിൽ കാണുന്നതോടെ ഇടപാടുകാരൻ കാർഡും വാങ്ങി മടങ്ങും. അതിന് ശേഷം ഇടപാടുകാരന്റെ എടിഎം കാർഡും പിൻ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിൻവലിക്കുകയായിരുന്നു ഇയാളുടെ രീതി. പണം പോയ വിവരം അക്കൗണ്ട് ഉടമ അറിയുന്നത് പിന്നെയായിരിക്കും.

എടിഎം കാർഡുമായി ബാങ്കിൽ എത്തിയപ്പോൾ തന്റെ കൈയ്യിൽ ഇരിക്കുന്ന എടിഎം കാർഡ് മറ്റൊരാളുടെ പണമില്ലാത്ത കാർഡാണെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം എടിഎം കൗണ്ടറിൽ കണ്ടയാൾ കബളിപ്പിച്ചതെന്ന് മനസ്സിലാക്കിയ ശ്രീജിത് ബാങ്കിലും കട്ടപ്പന പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.എ കുര്യക്കോസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു.

ഇതിനെ തുടർന്നാണ് സമാനരീതിയിൽ ആന്ധ്ര, കർണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഏടിഎം മോഷണം നടത്തുകയും ജയിൽ ശിക്ഷ പൂർത്തിയാക്കി ഒരു മാസം മുമ്പ് പുറത്തു വന്ന തമ്പിരാജിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വമായി മാത്രം ബോഡിയിലെ വീട്ടിൽ എത്തുന്ന ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്‍പിയുടെ നേത്യത്വത്തിൽ പിടികൂടുകയായിരുന്നു.

കട്ടപ്പന എസ്എച്ച്ഒ പി.ടി മുരുകൻ, എസ്.ഐ സജിമോൻ ജോസഫ്, വി.കെ അനീഷ് എന്നിവരും തമിഴ്‌നാട് ക്രൈം പോലീസ് എസ്.ഐ ഷംസുദ്ദീൻ, സേതുപതി എന്നിവരുടെ സഹായത്തോടും കൂടിയാണ് പ്രതിയെ പിടികൂടിയത്. പ്രായമായവരും അതിഥി തൊഴിലാളികളുമാണ് തട്ടിപ്പിന് ഇരയാകുന്നതിലധികം ആളുകളും. തമിഴ്‌നാട്ടിൽ 27 ഓളം കേസുകളും കർണാടക,ആന്ധ്ര എന്നി സംസ്ഥാനങ്ങളിൽ സമാനമായ കേസുകളിലും പ്രതിയാണിയാൾ. ഇടുക്കി ജില്ലയിൽ പീരുമേട്, കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *