റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിയാന: ജഡ്ജിയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

August 3, 2023 - 1:26 pm

ഗുരുഗ്രാം: ഹരിയാനയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നൂഹ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജലി ജെയ്നും അവരുടെ മൂന്നു വയസുള്ള മകളും അക്രമികളില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വെളിപ്പെടുത്തല്‍. നൂഹ് പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രിയില്‍പോയി മടങ്ങവെ അക്രമികള്‍ ജഡ്ജിയുടെ കാറിനുനേരെ കല്ലേറും വെടിവെപ്പും നടത്തുകയും പിന്നീട് കാര്‍ കത്തിക്കുകയും ചെയ്തു. പ്രാണരക്ഷാര്‍ഥം കാര്‍ ഉപേക്ഷിച്ച് ജഡ്ജിയും മകളും ഒരു വര്‍ക്ഷോപ്പില്‍ അഭയംതേടി. പിന്നീട് അഭിഭാഷകര്‍ എത്തിയാണ് അവരെ അവിടെനിന്ന് രക്ഷപ്പെടുത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ജഡ്ജിയും മകളും ഗണ്‍മാനും ആയിരുന്നു കാറിലുണ്ടായിരുന്നത്. എസ്.കെ.എം. മെഡിക്കല്‍ കോളേജില്‍നിന്ന് ഉച്ചയ്ക്ക് രണ്ടിന് മടങ്ങവെ 150-ഓളം പേരടങ്ങിയ സംഘം ഇവരുടെ കാര്‍ ആക്രമിക്കുകയായിരുന്നു. കാറിനുനേരെ കല്ലേറുണ്ടാകുകയും പ്രദേശത്ത് വെടിവെപ്പും നടന്നതോടെ കാര്‍ ഉപേക്ഷിച്ച് അവര്‍ ഓടി. അക്രമികള്‍ കാര്‍ കത്തിച്ചെന്ന് പിറ്റേദിവസമാണ് വ്യക്തമായതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
പോലീസിനുനേരെ ആസൂത്രിതമായി ആക്രമണമാണ് നടന്നതെന്ന് മറ്റൊരു എഫ്.ഐ.ആറില്‍ ഹരിയാന പോലീസ് വ്യക്തമാക്കി. സൈബര്‍ സെല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച അക്രമികള്‍ പോലീസുകാര്‍ ജീവനോടെ കത്തിക്കണമെന്ന് ആക്രോശിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതിനിടെ, നൂഹ്, മനേസര്‍, ഫരീദാബാദ് എന്നിവ അടക്കമുള്ള ഗുരുഗ്രാമിലെ ആറ് സബ് ഡിവിഷനുകളില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിലക്കിയത് ഹരിയാന സര്‍ക്കാര്‍ ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുരക്ഷ സംബന്ധിച്ച ആശങ്കയുണ്ടെന്നും പ്രദേശവാസികള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ റാലിയുമായി ബന്ധപ്പെട്ടാണ് ഹരിയാനയിലെ നൂഹില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ട് ഹോം ഗാര്‍ഡുകളടക്കം ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *