റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപിക്ക് വിടുപണി ചെയ്യുന്നു; സജി ചെറിയാനെതിരെ വി ടി ബല്‍റാം

August 7, 2023 - 8:49 pm

കൊച്ചി: ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഇന്‍സെന്‍സിറ്റീവായി പ്രതികരിച്ച് കേരളത്തിലെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം കലക്കാനാണ് സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്ക് വേണ്ടി സിപിഐഎം പണിയെടുക്കുകയാണെന്നും വി ടി ബല്‍റാം ആരോപിക്കുന്നു.

സൗദി അറേബ്യയില്‍ പോയപ്പോള്‍ താന്‍ ബാങ്ക് വിളി കേട്ടില്ലെന്നും കാര്യം അന്വേഷിച്ചപ്പോള്‍ കൂടെ വന്നയാള്‍ പറഞ്ഞത് ‘കുഴപ്പമില്ല. പുറത്തുകേട്ടാല്‍ വിവരം അറിയുമെന്നാണ്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക്ക് ന്യൂയിസന്‍സ് ആണ്. അത് പാടില്ല’, എന്നായിരുന്നു മറുപടിയെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാല്‍ ഘട്ടം ഘട്ടമായി ഇവിടെ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്-

സാംസ്‌ക്കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദ പ്രതിവാദങ്ങള്‍. സമൂഹത്തില്‍ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പുവരുത്തിയാല്‍ അദ്ദേഹം തന്നെ പിന്നീട് അത് പിന്‍വലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്.

ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെന്‍സിറ്റീവായ വിഷയങ്ങളില്‍ ഇന്‍സെന്‍സിറ്റീവായി അഭിപ്രായങ്ങള്‍ പറഞ്ഞ് കേരളത്തിലെ സൗഹാര്‍ദ്ദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്ഷന്‍ വര്‍ഷത്തില്‍ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.

മന്ത്രി പറഞ്ഞതിന്റെ പൂര്‍ണരൂപം-

സൗദി അറേബ്യയില്‍ ചെന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും ഇവിടെ താമസിക്കുന്നത്. കാരണം എക്സ്ട്രീമിസ്റ്റുകളായ ആളുകള്‍. പക്ഷേ ഒരിടത്തുപോയപ്പോഴും ബാങ്കുവിളി കേട്ടില്ല. കൂടെ വന്ന ആളോട് ഇതിനെ പറ്റി ചോദിച്ചു. കുഴപ്പമില്ല. പക്ഷെ പുറത്തുകേട്ടാല്‍ വിവരമറിയുമെന്നാണ് അയാള്‍ പറഞ്ഞത്. ബാങ്കുവിളിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ പുറത്തുകേള്‍ക്കുന്നത് പബ്ലിക്ക് ന്യൂയിസന്‍സ് ആണ്. അത് പാടില്ല. അവിടെ ക്രിസ്ത്യന്‍ ചര്‍ച്ചുകളുണ്ട്. നൂറുകണക്കിന് പള്ളികളുണ്ട്. വളരെ സ്വാതന്ത്ര്യത്തിലാണ് അവിടെ പ്രാര്‍ത്ഥിക്കുന്നത്. പക്ഷേ ഒരു പള്ളിയിലും മൈക്കില്ല. അവിടെ ഭൂരിപക്ഷ സമൂഹം ആരെയും ആക്രമിക്കുന്നില്ല. സപ്പോര്‍ട്ടീവായാണ് അവര്‍ ആളുകളെ കാണുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹം എത്ര സ്വാതന്ത്ര്യത്തോടെയാണ് ജീവിക്കുന്നത്. എത്ര ഡെമോക്രാറ്റിക്കായ സിറ്റ്വേഷനാണ് അവര്‍ക്കുള്ളത്. കണ്ടുപഠിക്കണ്ടേ? മലയാളികള്‍ ജീവിക്കുന്ന എല്ലാ സ്ഥലത്തും ആളുകള്‍ സഹവര്‍ത്തിത്വത്തോടെയാണ് ജീവിക്കുന്നത്. ഇത് ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. എന്നാല്‍ അത് ഘട്ടം ഘട്ടമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *