റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ് : പിടിച്ചടുത്തത് 1500 ലിറ്റർ സ്പിരിറ്റ്, 300 ലിറ്റർ വ്യാജ കള്ള്,

August 21, 2023 - 6:53 am

തൃശൂർ: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിർമാണകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളും പിടികൂടി. ചൊവ്വല്ലൂർപ്പടി തൈക്കാട് സ്വദേശി അരീക്കര വീട്ടിൽ അരുണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും വ്യാജമദ്യ നിർമാണ സാമഗ്രികളും പൊലീസ് പിടികൂടി. കള്ളിൽ സ്പിരിറ്റ് കലർത്തി വിൽപ്പന നടത്തുകയാണ് ഇവിടെ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പാണ് അരുൺ പള്ളത്ത് വീട് വാടകയ്‌ക്കെടുത്തത്. പ്രധാന റോഡിൽ നിന്ന് മാറി 200 മീറ്റർ അകലെയുള്ള ഒറ്റപ്പെട്ട വീട്ടിലായിരുന്നു മദ്യ നിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്നത്.ഇയാൾക്ക് സ്പിരിറ്റ് എത്തിച്ചുനൽകുന്നവരെക്കുറിച്ചും വ്യാജമദ്യ വിൽപ്പനയിടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഓണക്കാലത്ത് വ്യാജമദ്യ നിർമാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത്. ഉപയോഗശൂന്യമായ കിണറിലെ വെള്ളമാണ് ഇയാൾ സ്പിരിറ്റിൽ ചേർക്കുന്നതെന്ന സംശയമുണ്ട്. എന്നാൽ കിണറിലെ വെള്ളം കുടിച്ചാൽ ഉദര രോഗമുണ്ടാകുമെന്നതിനാൽ അത് ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രതി പറയുന്നത്. മാത്രമല്ല മിനറൽ വാട്ടറാണ് താൻ ഉപയോഗിക്കുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ചാലക്കുടി ഡി വൈ എസ് പി സിനോജ് ടി എസ്, പുതുക്കാട് എസ് എച്ച് ഒ സുനിൽദാസ് യു എച്ച്, എസ് ഐ സൂരജ് കെ എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ വി ജി സ്റ്റീഫൻ, സി എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, ഷിജോ തോമസ്, പുതുക്കാട് എ എസ് ഐ ഡെന്നീസ് സി എ, വിശ്വനാഥൻ, വി ജെ പ്രമോദ്, പി സി ജിലേഷ്, എൻ വി ശ്രീജിത്ത്, എം മിഥുൻ എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *