റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി ഘടകകക്ഷി പിണറായി മന്ത്രിസഭയില്‍; വെട്ടിലായി എല്‍ഡിഎഫ് നേതൃത്വം

September 11, 2023 - 7:06 pm

കൊച്ചി: ബിജെപിയുടെ ഘടകകക്ഷി പിണറായി വിജയന്‍ മന്ത്രിസഭയില്‍ തുടരുന്നതിനെതിരെ മൗനം പാലിച്ചു സിപിഎം. കര്‍ണ്ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായ് സീറ്റു ധാരണയിലെത്തിയ ജനതാദള്‍-എസിന്റെ പ്രതിനിധിയായ കെ.കൃഷ്ണന്‍കുട്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി മടികാണിക്കുന്നത് പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയായിട്ടും വ്യക്തത വരുത്താന്‍ നേതൃത്വം തയ്യാറാവുന്നില്ല.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കാലം മുതല്‍ ബിജെപിയുമായ് രഹസ്യബാന്ധവം പുലര്‍ത്തിയ ജനതാദള്‍-എസ് കഴിഞ്ഞ ദിവസമാണ് സഖ്യപ്രഖ്യാപനം പരസ്യമാക്കിയത്. ഇതു പ്രകാരം കര്‍ണാടകയിലെ നാല് ലോക്‌സഭാ സീറ്റുകള്‍ ബിജെപി സഖ്യത്തില്‍ ജനതാദള്‍-എസിന് വിട്ടു നല്‍കും. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായി.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയും മകന്‍ എച്ച്.ഡി കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജനതാദള്‍-എസ് സംസ്ഥാന ഘടകത്തിന്റെ പ്രതിനിധിയാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷം എന്ന കൃഷ്ണന്‍ കുട്ടിയുടെ ഊഴം അവസാനിച്ചാല്‍ അടുത്തതായ് മാത്യു.ടി തോമസ് മന്ത്രിയാവാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ബിജെപിയുമായ് പാര്‍ട്ടി പരസ്യ സഖ്യത്തിലേര്‍പ്പെട്ടത്.

ഇതോടെ മതേതരത്വ പ്രസംഗം നടത്തുന്ന സിപിഎം നേതാക്കളുള്‍പ്പെടെ വെട്ടിലായി. ബിജെപി ഘടകകക്ഷിയെ എങ്ങനെയാണ് എല്‍ഡിഎഫ് സര്‍ക്കാറില്‍ അംഗമാക്കുകയെന്ന ചോദ്യം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായി. കുമാരസ്വാമി ബിജെപിയുമായ് സഖ്യത്തിലേക്ക് നീങ്ങിയിട്ടും കൃഷ്ണന്‍കുട്ടിയോ മാത്യു.ടി തോമസോ നിലപാട് വ്യക്തമാക്കാനും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം സിപിഎമ്മിലുള്‍പ്പെടെ ശക്തമാവുകയാണ്. അതേസമയം ബിജെപി ബന്ധത്തിന്റെ പേരില്‍ മന്ത്രിയെ പുറത്താക്കുന്നത് ബിജെപി ദേശീയ നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമാകുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെ അന്വേഷിക്കുന്ന വിവിധ കേസുകളെ ബാധിക്കുമെന്നും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ഭയക്കുന്നുണ്ട്. ഇതോടെ വിവാദം വരും ദിവസങ്ങളില്‍ കത്തുമെന്ന് ഉറപ്പായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *