പകുതി പണം അടച്ചാൽ സ്കൂട്ടറും തയ്യൽ മെഷീനും എല്ലാം നൽകാമെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് ആളുകളെ പറ്റിച്ച് ആയിരം കോടിയിലധികം രൂപ തട്ടിച്ചെടുത്ത അനന്തുകൃഷ്ണനും ആനന്ദകുമാറും അടങ്ങുന്ന സന്നദ്ധ സംഘടനകളുടെ കുറുവാ സംഘത്തിനൊപ്പം 50 രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇതിൽ രണ്ട് എംപിമാരും ഉൾപ്പെടുന്നു. ഇടുക്കി എറണാകുളം ജില്ലകളിൽ നിന്ന് മാത്രമാണ് ഇത്രയധികം രാഷ്ട്രീയ പ്രവർത്തകർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഗാന്ധിജിയുടെയും എകെജിയുടെയും കാലമല്ല ഇത്
ഗാന്ധിജിയുടെയും എകെജിയുടെയും കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തകർ അല്ല ഇന്നത്തെ രാഷ്ട്രീയക്കാർ. അവരുടെ കാലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും സാമൂഹിക വിമോചന സന്ദേശപ്രചരണത്തിന്റെതും ആയിരുന്നു. നല്ല വിദ്യാഭ്യാസവും യോഗ്യതയും ഉള്ളവർ ജീവിത സുഖങ്ങളും പദവികളും വേണ്ടെന്നുവച്ച് കല്ലും മുള്ളും പീഡനവും ജയിലും അടങ്ങുന്ന വഴി തിരഞ്ഞെടുത്തവരുടേത് ആ തലമുറ.
അവർ സൃഷ്ടിച്ച നല്ല മാതൃകകളുടെ നിഴൽ പോലും ഇന്നത്തെ രാഷ്ട്രീയക്കാർ എന്ന വർഗ്ഗത്തിൻറെ മേൽ ഇല്ല. ഇത് പുതിയ കാലമാണ്. മനോഹരമായ ഭരണഘടനയും 130 കോടിയിലധികം വരുന്ന ജനങ്ങളും അവരുടെ സമ്പത്തും അടക്കം രാജ്യത്തുള്ള എന്തിനും മേൽ കൈവെക്കുവാൻ അവകാശവും ആർത്തിയും ഉള്ള വർഗ്ഗമാണ് ഇന്നത്തെ രാഷ്ട്രീയക്കാർ.
കൊടുക്കാൻ കയ്യിൽ ഒന്നുമില്ല. നല്ല മനസ്സ് പോലും സ്വന്തമായി ഇല്ല. സ്വാർത്ഥതയും പിന്നെ സ്വാർത്ഥതയും മാത്രം. കിട്ടുന്നതെന്തും വെട്ടിവിഴുങ്ങുവാനും വെട്ടിപ്പിടിക്കുവാനുമുള്ള തത്രപ്പാടിൽ ഏതൊക്കെയോ കൊടികളും പിടിച്ച് ഓടുന്ന ഒരു കുറുവാ സംഘമാണ് ആധുനികകാലത്തെ രാഷ്ട്രീയക്കാരിൽ മഹാഭൂരിപക്ഷവും. അങ്ങനെ അല്ലാത്തവർ അതിവേഗം അതാത് പാർട്ടികളിൽ തോൽപ്പിക്കപ്പെടുന്നു. മൂലയ്ക്ക് ഇരുത്തപ്പെടുന്നു. വെട്ടിപ്പിടിക്കുവാനും വെട്ടി വിഴുങ്ങുവാനും ആർത്തിയുള്ളവർ എല്ലായിടവും കയ്യടക്കുന്നു.
പല കൊടികൾ പിടിക്കുന്നു. പക്ഷേ എല്ലാം ഒറ്റ വർഗ്ഗം
ഈ വർഗ്ഗത്തിൻറെ കൊടികളിലും തത്വശാസ്ത്രങ്ങളിലും ഉള്ള വ്യത്യാസം ജനങ്ങളെ പറ്റിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. അടിസ്ഥാനപരമായി ഒരേയൊരു വർഗ്ഗമാണ് എല്ലാ പാർട്ടികളിലും ഉള്ളത്. സുഖം, അധികാരം, സ്വാർത്ഥത ഇവയാൽ പ്രേരിതരായ സാർത്ഥവാഹക സംഘത്തിൻറെ ഘോഷയാത്രയാണ് രാഷ്ട്രീയം.
കുറ്റവാളികളെയും തട്ടിപ്പുകാരെയും സംരക്ഷിച്ചു നിർത്തി അതിൻറെ പങ്കുപറ്റി അധികാരം നിർമ്മിക്കുന്നു. അധികാരം ഉപയോഗിച്ച് കൂടുതൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്നു. തട്ടിപ്പിന്റെ കൂടിയ പങ്കു കരസ്ഥമാക്കി വീണ്ടും വലിയ അധികാരം പിടിക്കുവാനുള്ള മുതൽ ഇറക്കുന്നു. ഇതിനിടയിൽ സുഭിക്ഷമായിജീവിക്കുന്നു. മക്കളെ വിദേശത്ത് അയച്ചു പഠിപ്പിച്ച് അമേരിക്കയിലും യൂറോപ്പിലും സുരക്ഷിതരാക്കുന്നു. ഭാര്യയ്ക്ക് മുന്തിയ വാഹനങ്ങളും മെച്ചപ്പെട്ട ജീവിത സുഖങ്ങളും വിദേശയാത്രകളും ഉറപ്പാക്കി കൊടുക്കുന്നു. പേര് രാഷ്ട്ര സേവനം എന്നാണ്. കിഴക്ക് വെള്ള കീറുമ്പോൾ ഇവർ റോഡിൽ ഇറങ്ങുന്നു. പകൽ മുഴുവൻ വിവിധ ഭോഗസു ഖങ്ങളിൽ മുഴുകി ജീവിക്കുന്നു. വൈകിട്ട് ശേഷം മടങ്ങിയെത്തുമ്പോൾ കൈനിറയെ പണം.
വേട്ടക്കാരും ജനങ്ങളും
പൊതുസമൂഹം എന്ന കാട്ടിൽ വേട്ടയാടാൻ ഇറങ്ങുന്ന ഈ സംഘത്തിന് പാർട്ടി വ്യത്യാസങ്ങൾ ഇല്ല. പരസ്പരം സഹായിച്ചും സിഗ്നലുകൾ നൽകിയും വേട്ട കുശാൽ ആക്കുന്നു. വേട്ടയുടെ മറ്റൊരു നിയമമാണ് വേറിട്ട കൊടികളും പരസ്പരമുള്ള പുലഭ്യം പറച്ചിലും.
മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യൻ ജനാധിപത്യം എത്തിച്ചേർന്നിരിക്കുന്ന അപകടസന്ധി പൊതുസമൂഹം തിരിച്ചറിയുന്നില്ല. രാഷ്ട്രീയപ്രവർത്തകർ എന്ന വർഗ്ഗത്തിൻറെ കയ്യിൽ പൊതു സമൂഹവും അവരുടെ സമ്പത്തും രാജ്യത്തിൻറെ ഭരണ സ്ഥാപനങ്ങളും ചെന്നു പെട്ടിരിക്കുന്നു. തടിച്ചുകൊഴുത്ത, സ്വാർത്ഥത അല്ലാതെ മറ്റൊന്നും വിളയാത്ത പാഴ്നിലങ്ങളാണ് ഇവരുടെ മനസ്സാക്ഷി. നിയമബോധവും ഭരണഘടന അവകാശങ്ങളെക്കുറിച്ച് വ്യക്തതയും ഉള്ള പൗര സമൂഹത്തിന് മാത്രമേ ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്താൻ കഴിയുകയുള്ളൂ.
ആയിരം കോടി തട്ടിച്ചവന്റെ ഒപ്പം ചേർന്ന 50 പേരുടെ ആ കുറുവാസംഘം ഒരിക്കൽ കൂടി ആ സത്യത്തിന് അടിവരയിട്ടിരിക്കുന്നു.
