റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറസ്റ്റിലായ യുവാക്കളെ തല്ലിച്ചതച്ച ശേഷം ചിത്രം പുറത്തുവിട്ട് മ്യാൻമർ സൈന്യം

April 20, 2021 - 8:55 am

റങ്കൂൺ: പ്രതിഷേധക്കാരെ പാഠം പഠിപ്പിക്കുമെന്ന വെല്ലുവിളിയുമായി മ്യാൻമർ പട്ടാളം.
പട്ടാള അട്ടിമറിയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൈശാചിക തന്ത്രങ്ങളുമായി മ്യാന്‍മര്‍ പട്ടാളം. അറസ്റ്റിലായവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അവരുടെ ചിത്രങ്ങള്‍ പട്ടാളം പുറത്തുവിട്ടു. ആറ് പേരുടെ ചിത്രങ്ങളാണ് പട്ടാളത്തിന്റെ ഔദ്യോഗിക വാര്‍ത്താ ചാനലായ എം.ആര്‍ടിവി പുറത്തുവിട്ടത്. മ്യാൻമറിലെ പട്ടാളത്തിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് അറസ്റ്റിലായവരെ തല്ലിച്ചതച്ച് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബോംബ് വെയ്ക്കാന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് നാല് യുവാക്കളെയും രണ്ട് യുവതികളെയും പട്ടാളം ഏപ്രിൽ 17 ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം ഏപ്രിൽ 18 ഞായറാഴ്ച എം.ആര്‍ടിവിയില്‍ ഇതേ കുറിച്ചുള്ള വാര്‍ത്തയോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായതിന്റെ പാടുകള്‍ എല്ലാവരുടെയും മുഖത്തും ദേഹത്തും കാണാമായിരുന്നു. മുഖം നിറയെ മുറിവും നീരും ചോരപ്പാടുകളുമുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പട്ടാളത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്.

2021 ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ പട്ടാളം 737 പേരെ കൊന്നെന്നും 3229 പേരെ ജയിലിലടച്ചുവെന്നുമാണ് സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *