ബാഴ്സലോണ: ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങൽ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി.
ബാഴ്സയുടെ ഹോം ഗ്രൗണ്ടായ കാമ്പനൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മെസ്സി വികാരാധീനനായത്. വാർത്താ സമ്മേളനത്തിൽ പലപ്പോഴും വിതുമ്പിക്കൊണ്ടാണ് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ‘ബാഴ്സ വിടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പക്ഷെ തുടരാൻ കഴിയാത്ത സാഹചര്യ’മാണെന്നും മെസ്സി പറഞ്ഞു.
കുഞ്ഞുന്നാൾ മുതൽ പന്തുതട്ടിയ ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ അടുത്തിടെയാണ് അവസാനിച്ചത്. നിലവിൽ മെസ്സി പി.എസ്.ജിയിലേക്കെന്നാണ് സൂചന. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾ പൂർത്തിയായെന്നും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
