റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി വാങ്ങുന്നതിനിടെ നെടുംകണ്ടം ബിഡിഒയും എക്സ്റ്റൻഷൻ ഓഫീസറും വിജിലൻസ് പിടിയിൽ

September 3, 2021 - 7:59 am

ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി നെടുങ്കണ്ടം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസറെയും എക്സ്റ്റൻഷൻ ഓഫീസറെയും വിജിലൻസ് പിടികൂടി. ബിഡിഒ ഷൈമോൻ ജോസഫ്, എക്സറ്റൻഷൻ ഓഫിസർ നാദിർഷ എന്നിവരാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി 25,000 രൂപ വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്.

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ജലസേചനത്തിനായി നിർമിക്കുന്ന കുളത്തിന്‍റെ നിർമ്മാണ കരാർ കാലാവധി നീട്ടി നൽകാമെന്നും ഇതിനായി വ്യാജ മിനിറ്റ്സ് തയ്യാറാക്കാമെന്നും പറഞ്ഞാണ് നെടുങ്കണ്ടം ബിഡിഒ ഷൈമോൻ ജോസഫും പി ആൻഡ് എം എക്സറ്റൻഷൻ ഓഫിസർ നാദിർഷയും കൈക്കൂലി ആവശ്യപ്പെട്ടത്. രാജാക്കാട് കള്ളിമാലി സ്വദേശിയോട് പണം ചോദിച്ചത്. കള്ളിമാലി കാർഷിക ജലസേചന പദ്ധതിക്കായി കുളം നിർമ്മിക്കുന്നതിന് ഇദ്ദേഹം 2019ൽ അഞ്ച് സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നൽകിയിരുന്നു. 25 ലക്ഷം രൂപ കുളം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ജലവിഭവ വകുപ്പുമായി ചേർന്ന് 2020 ഫെബ്രുവരിയിൽ പണി തുടങ്ങി. ഈ മാർച്ചിൽ പണി പൂർത്തിയാക്കേണ്ടതാണ്.

കുളം നിർമ്മിച്ചെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കൊവിഡ് കാരണം പൂർത്തിയായില്ല. ഇതിനിടെ ബിഡിഒ ഷൈമോൻ സ്ഥലം സന്ദർശിച്ചു. പദ്ധതി കൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഉപഭോക്താക്കളായ കർഷകരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ പണം ഉപയോഗിച്ച് നിർമ്മിക്കുന്ന കുളം വ്യക്തിപരമായി ഉപയോഗിക്കുന്നത് ആരെങ്കിലും പരാതിപ്പെട്ടാൽ പ്രശ്‌നമാകുമെന്നും അങ്ങനെ വരാതിരിക്കാൻ ഗുണഭോക്താക്കളുടെ യോഗം വിളിച്ചതായി മിനിറ്റ്‌സ് തയ്യാറാക്കാമെന്നും വേണ്ടതു പോലെ കാണണമെന്നും ഷൈമോൻ പറഞ്ഞു.

മിനിറ്റ്‌സ് തയ്യാറാക്കാൻ 20000 രൂപയും ക്ലർക്കിന് 10000 രൂപയും വേണമെന്നും അറിയിച്ചു. അത്രയും പണം ഉണ്ടാകില്ലെന്നു അറിയിച്ചപ്പോൾ 25000 രൂപക്ക് സമ്മതിച്ചു. തുടന്ന് സ്ഥലമുടമ ഇടുക്കി വിജിലൻസിൽ പരാതി നൽകി. പരാതിക്കാരന്റെ രാജാക്കാട് കള്ളിമാലിയിലുള്ള വീട്ടിൽ വച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെയാണ് പുറത്തു കാത്തു നിന്ന വിജിലൻസ് സംഘം ഇരുവരേയും പിടികൂടിയത്. പ്രതികളെ തൃശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *