കൊച്ചി: ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ പ്രതികരണങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങുന്നു. സ്വതന്ത്ര നയവുമായി പ്രവർത്തിക്കുന്ന ചാനൽ ജനുവരി ഒന്ന് മുതലാണ് പ്രവർത്തനം തുടങ്ങുകയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും ഫിലിപ്പ് വ്യക്തമാക്കി. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുമെന്നും എഫ്.ബി കുറിപ്പിൽ പറഞ്ഞു.
പ്രളയത്തെ നേരിടുന്നതിനെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ നെതർലൻഡ്സിൽ പോയിപ്പഠിച്ചതിന്റെ തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും വിമർശിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിച്ചത് റദ്ദാക്കിയിരുന്നു.
പദവി വേണ്ടെന്നു ചെറിയാൻ ഫിലിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസഭ സീറ്റ് നൽകാതെ ഈ സ്ഥാനം നൽകിയതായിരുന്നു വിമുഖതക്ക് കാരണം. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകം രചിക്കുന്നതിന്റെ തിരക്കിലായതിനാലാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം സ്വീകരിക്കാത്തതെന്നായിരുന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നത്.
ചെറിയാൻ ഫിലിപ്പിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ മാന്യമായി അദ്ദേഹത്തെ സഹകരിപ്പിച്ചിട്ടുണ്ടെന്നും താൻ ആരുടെയും രക്ഷാകർത്താവല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നത്.
രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ തള്ളിപ്പറയില്ലെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.
