കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്തരയെ മൂര്‍ഖനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘത്തിന് സുപ്രധാന തെളിവു ലഭിച്ചു. കേസിന്റെ മുന്നോട്ടുള്ള ഗതിയില്‍ അതിനിര്‍ണായകമായ തെളിവാണ് ലഭിച്ചിരിക്കുന്നത്. ഉത്തരയെ കടിച്ചത് സൂരജ് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ എന്ന ഡിഎന്‍എ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍നിന്നുള്ള പരിശോധനാഫലം ഉടന്‍ അന്വേഷണസംഘത്തിനു കൈമാറും. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്തരയുടെ ശരീരത്തില്‍ പാമ്പിന്റെ കടിയേറ്റ ഭാഗത്തുനിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
