കാട്ടൂർ: വാഗമണ്ണിൽ കുടുംബസമേതം ഉല്ലാസയാത്രയ്ക്കുപോയ സംഘത്തിലെ 13-കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച, സംഘത്തിലെ മൂന്നു കുട്ടികൾക്കാണ് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായത്. ഇവരിൽ കാട്ടൂർ നെടുമ്പുര കൊട്ടാരത്തിൽ വീട്ടിൽ അനസിന്റെയും സീനത്തിന്റെയും മകനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന (17), അനസിന്റെ സഹോദരപുത്രൻ നിജാദ് അഹമ്മദ് (10) എന്നിവർ ചികിത്സയിലാണ്. 2023 മെയ് രണ്ടിനാണ് അനസിന്റെ കുടുംബവും ബന്ധുക്കളുമടക്കം 12 പേർ വാഗമണ്ണിൽ ഉല്ലാസയാത്ര പോയത്.
അന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ വാഗമണ്ണിലെ ഒരു ഹോട്ടലിൽനിന്നാണ് സംഘം ഭക്ഷണം കഴിച്ചത്. അസ്വസ്ഥതകളുണ്ടായ മൂവരും ബിരിയാണിയാണ് കഴിച്ചത്. ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെത്തുടർന്ന് ഇവരെ ആശുപത്രിയിലാക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മറ്റ് ഭക്ഷണമൊന്നും മൂവരും കഴിച്ചിട്ടില്ലെന്നും വീട്ടുകാർ പറയുന്നു.
