റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹിരാകാശ യാത്രികരുടെ തലച്ചോറിന് സംഭവിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് സൂചന നൽകി പഠനസംഘം

June 13, 2023 - 2:18 pm

ന്യൂഡൽഹി: ഭൂമിയിലെ മനുഷ്യരുടെ സാമൂഹ്യവും ശാരീരികവും മാനസികവുമായ നിലനിൽപ്പിന് നിരവധി വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ബഹിരാകാശത്തിലെ താമസം. ബഹിരാകാശ ദൗത്യങ്ങൾ അതിലുൾപ്പെട്ട മനുഷ്യരുടെ ശരീരത്തിലും മനസിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ബഹിരാകാശ യാത്രികരുടെ തലച്ചോറിന് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്ന് നിരീക്ഷിച്ച് ചില സുപ്രധാന കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണ് നാസയുടെ സഹായത്തോടെയുള്ള ഒരു ഗവേഷണം. സയന്റിഫിക് റിപ്പോർട്ട്‌സ് ജേർണലിൽ യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ന്യൂറോസന്റിസ്റ്റ് ഹീതർ മക്ഗ്രിഗൊർ ഉൾപ്പെട്ട പഠനസംഘം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ബഹിരാകാശയാത്രകൾ മനുഷ്യന്റെ തലച്ചോറിലുണ്ടാക്കുന്ന സുപ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളുള്ളത്.

ശരാശരി ആറ് മാസം ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള 30 ആസ്‌ട്രോനട്‌സിന്റെ തലച്ചോറിന്റെ സ്‌കാനിംഗ് റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ചാണ് പഠനം നടന്നത്. തലച്ചോർ സെറിബ്രോസ്‌പൈനൽ ദ്രവങ്ങൾ സൂക്ഷിക്കുന്ന സെറിബ്രൽ വെൻട്രിക്കിളുകൾ ബഹിരാകാശ യാത്രയുടെ ഭാഗമായി വികസിക്കുമെന്ന് സ്‌കാനിംഗ് റിപ്പോർട്ടുകളിലൂടെ പഠനസംഘം മനസിലാക്കി.

സെറിബ്രൽ വെൻട്രിക്കിളുകൾ ഒരുപാട് വികസിക്കുന്നത് തലച്ചോറിലുള്ള മറ്റ് ചില കോശങ്ങൾ മുറുകുന്നതിനും ചുരുങ്ങുന്നതിനും കാരണമാകുന്നു. ഗുരുത്വാകർഷണം മൂലം ദ്രവങ്ങൾ താഴേക്ക് ഒഴുകുന്നത് കൃത്യമായി ശരീരത്തിലെ വാൽവുകൾ തടയുന്നുണ്ട്. എന്നാൽ ഗുരുത്വാകർഷണം ഇല്ലാത്തിടങ്ങളിൽ ദ്രവങ്ങൾ തലച്ചോറിൽ തന്നെ കെട്ടിക്കിടന്ന് സമ്മർദമുണ്ടാക്കുന്ന ഒരു അവസ്ഥയും ഉണ്ടാകും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. കൂടാതെ മസിൽ അട്രോഫി, ബാലൻസ് നഷ്ടമാകുക മുതലായ അവസ്ഥകളും ബഹിരാകാശ യാത്രയുടെ ഫലമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *