ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ കോൺഗ്രസ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭാ കോൺഗ്രസ് കൗൺസിലർ സി. സന്ധ്യ കൗൺസിലർ സ്ഥാനം രാജിവെച്ചു. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും സി. സന്ധ്യ ആരോപിച്ചു. . ഇന്നലെ (സെപ്തംബർ 3) വൈകീട്ടോടെയാണ് സന്ധ്യ നഗരസഭാ അധ്യക്ഷന് രാജിക്കത്ത് നൽകിയത്. പത്ത് വർഷമായി അന്തിമഹാകാളൻചിറ വാർഡിലെ കോൺഗ്രസ് കൗൺസിലറാണ് സന്ധ്യ.
ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിത്.
രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയെടുത്ത നിലപാടിൽ പ്രതിഷേധമുണ്ട്. ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിത്. കോൺഗ്രസിൽ സ്ഥാനങ്ങളില്ലാത്തതിനാൽ കമ്മിറ്റികളിൽ പറഞ്ഞിട്ടില്ല. എന്നാൽ നേതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നും സന്ധ്യ പറഞ്ഞു. വികെ. ശ്രീകണ്ഠൻ എംപി ഷൊർണൂരിലെ വാർഡുകളിലേക്കെല്ലാം ഉയരവിളക്കുകളും വഴിവിളക്കുകളും നൽകി. എന്നാൽ തന്റെ വാർഡിനെ പരിഗണിച്ചില്ല. ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ ഇക്കാര്യം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും സന്ധ്യ പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങളാകാം രാജിവെക്കാൻ കാരണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി
എന്നാൽ സന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങളാകാം രാജിവെക്കാൻ കാരണമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. വ്യക്തിപരമായി ചോദിച്ചാൽ നൽകാനാവില്ല.രാജിക്ക് പുറകിൽ മറ്റുദ്ദേശങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
