ചെന്നൈ: തമിഴ് സൂപ്പർ താരം രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം 30/11/20 തിങ്കളാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഈ യോഗത്തിൽ വച്ച് രഷ്ട്രീയ പ്രവേശന പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് മക്കൾ മൻട്രം ഭാരവാഹികൾ നൽകുന്ന സൂചന.
കോടമ്പാക്കത്തുള്ള കല്യാണ മണ്ഡപത്തില്‍ വച്ചുനടക്കുന്ന യോഗത്തിലേക്ക് എത്താനാണ് ആര്‍എംഎം ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനികാന്ത് നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മക്കള്‍ മന്‍ഡ്രം ജില്ലാ സെക്രട്ടറി എവികെ രാജ പറഞ്ഞു. “യോഗത്തില്‍ എത്തിച്ചേരണമെന്ന് മാത്രമാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. അത് തീര്‍ച്ചയായും തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ ഇളക്കം തന്നെയുണ്ടാക്കും. നാളെ ആ സന്തോഷവാര്‍ത്തയുണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷി ക്കുന്നത്. ” അദ്ദേഹം പറഞ്ഞു. മണ്ഡപത്തില്‍ 50 പേരെ പങ്കെടുപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. പാര്‍ട്ടി പ്രഖ്യാപനവും നടന്നിരുന്നില്ല.
