അഹമ്മദാബാദ്: ജുഡീഷ്യറിയുടെ കാര്യക്ഷമതയും വേഗതയും മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്ത് ഹൈക്കോടതിയുടെ 60 വർഷത്തെ അടയാളപ്പെടുത്തുന്ന സ്മാരക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി.
“രാജ്യത്തിനൊപ്പം ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയും കോവിഡിനെതിരായ പോരാട്ടത്തിൽ നിലകൊണ്ടിട്ടുണ്ട്. പരമാവധി വാദം കേൾക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും വലിയ സുപ്രീം കോടതിയായി നമ്മുടെ സുപ്രീം കോടതി മാറിയെന്ന് നമുക്ക് അഭിമാനിക്കാം. നമ്മുടെ ഹൈക്കോടതികളും ജില്ലാ കോടതികളും കോവിഡ് പോലുള്ള ദുഷ്കരമായ സമയങ്ങളിൽ പോലും വീഡിയോ കോൺഫറൻസിംഗിലൂടെ കേസുകൾ കേൾക്കുന്നു. ഡിജിറ്റൽ ഇന്ത്യ മിഷൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അതിവേഗം നവീകരിക്കുന്നു. രാജ്യത്തെ 18,000 കോടതികൾ കമ്പ്യൂട്ടർവത്കരിക്കപ്പെട്ടു, ”മോദി പറഞ്ഞു.
ജുഡീഷ്യൽ സിസ്റ്റത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് മോദി പറഞ്ഞു, “നമ്മുടെ നീതിന്യായ വ്യവസ്ഥയെ ഭാവിയിൽ തയ്യാറാക്കാൻ, എഐയുടെ ഉപയോഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എഐയുടെ ഉപയോഗം ജുഡീഷ്യറിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, മുഴുവൻ സിസ്റ്റത്തെയും വേഗത്തിലാക്കുകയും ചെയ്യും. ഈ ശ്രമങ്ങളിലെല്ലാം ‘ആത്മനിർഭർ ഭാരത്’ കാമ്പയിൻ ഒരു പ്രധാന പങ്ക് വഹിക്കും.” അദ്ദേഹം പറഞ്ഞു.
