തിരുവനന്തപുരം: തലച്ചോറിലെ സെല്ലുകള്‍ നശിക്കുന്ന മാരകരോഗം ബാധിച്ച് മകള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയവേ പിതാവ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവാ(45)ണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ ദേവു ചന്ദന എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തലച്ചോറിലെ സെല്ലുകള്‍ നശിക്കുന്ന ഗുരുതര രോഗമാണ് ദേവുവിന്. നൂറനാട് പുത്തന്‍വിള ക്ഷേത്രോത്സവത്തിന് ദേവു ചുവടുവച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഞ്ചുദിവസം മുമ്പാണ് ദേവു വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഗുരുതര രോഗം കണ്ടെത്തിയത്. മൂന്നുദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കായി വേണ്ടിവന്നു. മകളുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബു. കുട്ടിയുടെ ചികിത്സയ്ക്ക് മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ഥന നടത്തിയിരുന്നു.
