റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിറ്റാറിൽ കസ്റ്റഡിയിൽ കർഷകൻ മരിച്ച സംഭവം; തടിയൂരാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം

July 30, 2020 - 5:14 pm

പത്തനംതിട്ട: ചിറ്റാറിൽ കർഷകനായ മത്തായി വനംവകുപ്പിലെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും തടിയൂരാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു. അന്വേഷണം നേരിടുന്ന ഏഴ് ഉദ്യോഗസ്ഥരും അവരുടെ സഹായികളായ മറ്റ് ഉദ്യോഗസ്ഥന്മാരും ചേർന്നാണ് നീക്കം സംഘടിപ്പിച്ചിരിക്കുന്നത്. കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട മത്തായിയുടെ പേരിൽ കേസുകൾ ചുമത്താൻ ആണ് ഒരു ശ്രമം.

വനംവകുപ്പ് മത്തായിയെ കസ്റ്റഡിയിൽ എടുക്കുമ്പോൾ അയാളുടെ പേരിൽ കേസുകൾ ഒന്നും ഉണ്ടായിരുന്നില്ല. മരണത്തിനുശേഷം പരാതികളും കേസുകളും ഉണ്ടാക്കുന്ന തിരക്കിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മത്തായിയെ കസ്റ്റഡില്‍ എടുത്തതിന് കാരണമുണ്ടായിരുന്നു എന്ന് വരുത്തുകയാണ് ആദ്യവിഷയം.

മത്തായിയുടെ മരണത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡി മരണം എന്ന നിലയിലാണ് കേസ് എന്ന് ജില്ലാ പോലീസ് സൂപ്രണ്ട് കെ ജി സൈമൺ വ്യക്തമാക്കിയിരുന്നു. എന്നാൽ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരും അവരുടെ സഹായികളും ഒന്നടങ്കം പുറത്തു നിൽക്കുകയാണ്. നിയമലംഘനങ്ങളും ചട്ട ലംഘനങ്ങളും തിരുത്തുവാൻ വേണ്ട കാര്യങ്ങൾ അവർ ചെയ്തു വരികയാണ്.

മത്തായി മൃഗ വേട്ടയ്ക്ക് തോക്കുമായി പോകുന്ന ദൃശ്യം കാട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞു എന്ന് സംശയിച്ച് ക്യാമറയുടെ മെമ്മറികാർഡ് നശിപ്പിക്കുവാൻ ശ്രമിച്ചു എന്ന് സംശയിച്ചാണ് മത്തായിയെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോയത്.

ഈ നടപടി കുറ്റകരമാണ്. സിസിടിവി ക്യാമറ വനംവകുപ്പിന്‍റെ ആണെങ്കിലും അത് നശിപ്പിച്ചു എന്ന കാരണം പറഞ്ഞ് ഒരാളെ കസ്റ്റഡിയിലെടുക്കാൻ വനംവകുപ്പിന് അധികാരമില്ല. നിയമപ്രകാരം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി മേൽ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ഉണ്ടായില്ല. ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഉള്ളപ്പോൾ അവരുടെ സമീപത്തുനിന്നാണ് മത്തായിയെ കൂട്ടിക്കൊണ്ടുപോയത്. അവർ ആവശ്യപ്പെട്ടിട്ടും എന്താണ് കാരണം എന്ന് വെളിപ്പെടുത്തിയില്ല. കൂട്ടിക്കൊണ്ടു പോകുമ്പോൾ മത്തായിയുടെ പേരിൽ ഒരു കേസും ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച് യാതൊരു രേഖപ്പെടുത്തലും സ്റ്റേഷന്‍ ഡയറിയിൽ ഇല്ല.

സ്റ്റേഷനിലേക്ക് കൊണ്ടു പോകാതെ വനാതിർത്തിയിലുള്ള മത്തായിയുടെ ഫാംഹൗസിൽ ഫോറസ്റ്റ് സംഘം എത്തുകയായിരുന്നു. അർദ്ധരാത്രിയോടെ മത്തായി കിണറ്റിൽ വീണു മരിച്ചു എന്ന് അറിയിച്ചു. ആളുകൾ കൂടുന്നതിനു മുൻപ് വാഹനം ഉപേക്ഷിച്ച് ഫോറസ്റ്റുകാർ ഓടിപ്പോയി.

മത്തായിയുടെ മരണത്തിൻറെ പിറ്റേദിവസമാണ് ക്യാമറ നശിപ്പിച്ച കാര്യത്തിന് പോലീസിൽ പരാതി നൽകിയത്. വനം വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കുറ്റക്കാരായ 7 വനപാലകരെ ഓഫീസ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട് എങ്കിലും ഓഫീസ് രേഖകളിൽ കൃത്രിമം വരുത്തുവാനുള്ള നീക്കങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള ആസൂത്രണത്തിന്റെ തെളിവാണ് മത്തായി മരിച്ചതിനുശേഷം ഒരു ദിവസം കഴിഞ്ഞ് പോലീസിൽ പരാതി കൊടുത്തത്. മത്തായിയോട് സംസാരിച്ചതിൽ നിന്നും സിസിടിവി കാമറ നശിപ്പിച്ചത് മനസ്സിലായി എന്ന നാട്യത്തിലാണ് പരാതി കൊടുത്തിരിക്കുന്നത്.

അതിനിടയിൽ മത്തായിയുടെ സഹായി എന്ന് പറയുന്ന ഒരാൾ പുതിയ വെളിപ്പെടുത്തലുമായി ചാനലിൽ വന്നിട്ടുണ്ട്. വേട്ടയ്ക്ക് പോയതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു എന്ന സംശയം മത്തായിയ്ക്ക് ഉണ്ടായിരുന്നു. മെമ്മറി കാർഡ് നശിപ്പിക്കുവാൻ സഹായിക്കണമെന്ന് മത്തായി ആവശ്യപ്പെട്ടു. വേട്ടയ്ക്ക് പോയ സംഭവത്തിൽ കേസ് ഉണ്ടായാൽ ആത്മഹത്യ ചെയ്യും എന്ന് വെളിപ്പെടുത്തി. ഈ കാര്യങ്ങളാണ് ഇയാൾ ഒരു ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ വെളിപ്പെടുത്തൽ സംശയകരമായി മാറിയിട്ടുണ്ട്.

മത്തായി വേട്ടയ്ക്ക് പോയിരുന്നോ, സിസിടിവി ദൃശ്യങ്ങൾ പതിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങൾ ശരിയായി ഇരുന്നാൽ തന്നെയും അയാൾക്കെതിരെ കേസെടുക്കാതെ പിടിച്ച് കൊണ്ടുപോകുവാനോ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുന്ന സംഭവം സൃഷ്ടിക്കുവാനോ വനംവകുപ്പിന് അധികാരമില്ല. വനംവകുപ്പിന് എന്നല്ല ഒരു വകുപ്പിനും അധികാരമില്ല. കസ്റ്റഡി മരണം ഗുരുതരമായ കുറ്റമായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി കർശന വിധികൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമാണ്. മരണത്തിനു ശേഷം മത്തായിക്കെതിരെ കേസ് ഉണ്ടാക്കി നിയമവിരുദ്ധ കസ്റ്റഡിക്ക് സാധൂകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ സ്വതന്ത്രരായി നടന്നുകൊണ്ട് കേസ് അട്ടിമറിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *