രാജാക്കാട്: സൂര്യനെല്ലി സ്വദേശി ചന്ദ്രന്റെ പലചരക്ക് കടയുടെ മേൽക്കൂര പൂർണ്ണമായും ആന തകർത്തു. അരിയും പഴവും ഉൾപ്പെടെ കടയിലെ സാധനങ്ങളും ആന ഭക്ഷിച്ചു. സൂര്യനെല്ലി പോസ്റ്റ് ഓഫീസിന് സമീപത്താണ് കട പ്രവർത്തിച്ചിരുന്നത്.
വെള്ളിയാഴ്ച വെളുപ്പിന് രണ്ടു മണിയോടെ യായിരുന്നു ആക്രമണം. ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് ചന്ദ്രന്റെ കടയ്ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. നാട്ടുകാരെത്തി ബഹളം വക്കുകയും തീ കത്തിക്കുകയും ചെയ്തതോടെ ആന പിൻ തിരിഞ്ഞു. സൂര്യനെല്ലി ടൗണിന് സമീപം നിലയുറപ്പിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്.
മുറിവാലൻ കൊമ്പനെന്ന് നാട്ടുകാർ പേരിട്ട ഒറ്റയാനാണ് ജനവാസ മേഖലയിൽ സ്ഥിരമായി ആക്രമണം നടത്തുന്നത്. കാട്ടാന ശല്യം നിയന്ത്രിക്കുവാൻ ജില്ലാ ഭരണകൂടവും വനംവകുപ്പും ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെള്ളയാഴ്ച രാവിലെ പതിനൊന്ന് മുതൽ നാട്ടുകാർ സൂര്യനെല്ലി – ചിന്നക്കനാൽ റോഡ് ഉപരോധിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നാട്ടുകാർ ഫോണിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിച്ചു.
