റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പര്യാപ്തമായ കലാഭവന്‍ സോബിയുടെ വീഡിയോ പുറത്ത്, സ്വര്‍ണ കള്ളക്കടത്തുകേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടെന്ന് സോബി, നേരറിയാന്‍ സിബിഐ രംഗത്ത്

August 1, 2020 - 11:00 am

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണത്തിന്റെ അന്തര്‍നാടകങ്ങള്‍ അന്വേഷിക്കുന്ന സിബിഐ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലില്‍ നിന്നായിരിക്കും തിങ്കളാഴ്ച തുടക്കം കുറിക്കുക. ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണംകടത്തിയ കേസിലെ ഒന്നാംപ്രതി സരിത്തിനെ ക്വട്ടേഷന്‍ സംഘത്തോടൊപ്പം കണ്ടുവെന്ന സോബിയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തില്‍ സുപ്രധാനമാണ്. സോബിയുടെ മുന്‍ വെളിപ്പെടുത്തലുകളും സിബിഐ പരിശോധിക്കും. ബാലുവിന്റെ മാനേജര്‍മാരും പ്രോഗ്രാം കോ- ഓഡിനേറ്റര്‍മാരുമായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, സൗണ്ട് റെക്കോഡിസ്റ്റ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് കാറപകടത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന സംശയം ശക്തമായത്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍പോന്നതാണ് കലാഭവന്‍ സോബിയുടെ പുറത്തുവന്ന വീഡിയോ. ബാലഭാസ്‌കര്‍ മരിച്ചത് കാര്‍ ആക്‌സിഡന്റില്‍ ആണെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍, അത് ആക്‌സിഡന്റല്ലെന്നും ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ജൂലൈ 16-നാണ് സോബി വീഡിയോ റെക്കോഡ് ചെയ്തിട്ടുള്ളത്. തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ പ്രിയ വേണുഗോപാലിനും ഇതിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വീഡിയോയില്‍ സോബി പറയുന്നു.

ബാലഭാസ്‌കറിന്റെ വാഹനം അടിച്ചുതകര്‍ക്കുന്നത് താന്‍ നേരില്‍ കണ്ടിരുന്നുവെന്ന് വീഡിയയോയില്‍ സോബി പറയുന്നു. സെപ്റ്റംബര്‍ 25ന് വെളുപ്പിന് 3നും 3.05നുമിടയിലാണ് സംഘം ബാലുവിനെ ആക്രമിച്ചത്. വെളുത്ത ഇന്നോവയിലെത്തിയ സംഘാംഗങ്ങള്‍ ബാലുവിന്റെ നീല ഇന്നോവയിലേക്ക് ഇരച്ചുകയറി. തൊട്ടുപിന്നാലെ വെളുത്ത സ്‌കോര്‍പ്പിയോയില്‍ എത്തിയ സംഘം ബാലുവിന്റെ വണ്ടിയുടെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. തന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നതിന്റെ തൊട്ടടുത്താണ് ബാലുവിന്റെ കാര്‍ നിര്‍ത്തിയിരുന്നത്. ബാലുവിന് അപകടം പറ്റിയത് അപകടത്തിലല്ല. കാറിന്റെ ചില്ല് തകര്‍ന്നതും അപകടത്തിലല്ല. ഗുണ്ടകള്‍ അടിച്ചുതകര്‍ത്തതാണ്. ഉടന്‍ മറ്റൊരു ഇന്നോവയും സംഭവസ്ഥലത്തെത്തി. ആരും അടുത്തേക്ക് വരാതിരിക്കാന്‍ സംഘാംഗങ്ങള്‍ വടിവാള്‍ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം നടന്ന് ഏറെനേരം കഴിഞ്ഞാണ് പൊലീസ് എത്തിയത്. താന്‍ ജീവനോടെയുണ്ടെങ്കില്‍ ബാലുവിനെ കൊന്നയാളെ ചൂണ്ടിക്കാട്ടാമെന്നും സോബി വീഡിയോയില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *