കൊല്ലം: കാരിക്കോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നല്ലില സ്വദേശി ആദര്‍ശ് (20) ആണ് പിടിയിലായത്. മൂന്നുദിവസമായി പ്രതിയും കൂട്ടാളികളും ചേര്‍ന്ന് രാപകല്‍ കുണ്ടറ മുതല്‍ കൊല്ലം വരെയുളള എടിഎമ്മുകള്‍ നിരീക്ഷണം നടത്തിയ ശേഷമാണ് കാരിക്കോടുളള എടിഎം കവര്‍ച്ചചെയ്യാന്‍ തീരുമാനിച്ചത്. അതിന്‍റെ അടിസ്ഥാനത്തില്‍ 2020 സെപ്തംബര്‍ 21 ന് രാത്രി 11.30 മണിയോടെ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു.
ഹെല്‍മറ്റും കൂളിംങ്ങ് ഗ്ലാസും, റെയിന്‍കോട്ടും ധരിച്ച് എത്തിയ പ്രതികള്‍ എടിഎമ്മിന് മുമ്പിലുളള ക്യാമറ നശിപ്പിച്ചു. ഒരാള്‍ അകത്ത് കടന്ന് പതപോലുളള വസ്തു സ്പ്രേ ചെയ്ത് ക്യാമറ മറക്കുകയായിരുന്നു. തുടര്‍ന്ന് കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എടിഎം ന്‍റെ മുന്‍വശം തകര്‍ത്തു. പക്ഷെ ലോക്കര്‍ തകര്‍ക്കാനുളള ശ്രമം വിജയിച്ചില്ല.
ആ സമയം അവിടേക്കുവന്ന കാര്‍ കണ്ട് പ്രതികള്‍ പള്‍സര്‍ ബൈക്കില്‍ രക്ഷപെട്ടു. തുടര്‍ന്ന് കുണ്ടറ കൊല്ലം റൂട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് സംശയം തോന്നിയ 20 ഓളം പേരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നല്ലിലയിലെ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റു പ്രതികളെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്
