കൽപ്പറ്റ : മികച്ച രണ്ടാമത്തെ ചലച്ചിത്രമായി സംസ്ഥാന ചലച്ചിത്ര അവാർഡിന് തിരഞ്ഞെടുത്ത കെഞ്ചിരയിലെ നായകൻ വിവരമറിയുന്നത് രണ്ടുനാൾ കഴിഞ്ഞ്. അടയ്ക്ക പറിക്കാൻ കവുങ്ങിൽ മുകളിൽ ഇരിക്കുമ്പോൾ. കമ്പളക്കാട് ഉള്ള അടക്ക വ്യാപാരി പൊറ്റമ്മൽ മുഹമ്മദ് കുട്ടിയുടെ പണിക്കാരനാണ് കഥാനായകനായ വിനു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കോളനിയിലാണ് താമസം. കെഞ്ചിരയായി അഭിനയിച്ച വിനുഷയ്ക്ക് അംഗീകാരവും ലഭിച്ചിരുന്നു. കെഞ്ചിരയുടെ ഭർത്താവിൻറെ വേഷമാണ് വിനു അവതരിപ്പിച്ചത്.
പണിയ സമുദായക്കാരാണ് നായകൻ വിനുവും നായിക വിനുഷ രവിയും. കണിയാമ്പറ്റയിലെ നേര് നാടകവേദിയിലെ സ്ഥിരക്കാരനാണ് വിനു. ഒമ്പതാം വയസ്സിൽ ഉറാട്ടി എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. നാടകത്തിലേക്ക് വിനുവിനെ കൊണ്ടുവന്നതും സംവിധായകൻ മനോജ് കാന തന്നെയാണ്. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാനുള്ള കഴിവ് അപാരമാണെന്ന് മനോജ് കാന പറയുന്നു. ദിശയാണ് വിനുവിൻറെ ഭാര്യ നിബിൻ, നീതു എന്നിവർ മക്കളും .
