കോഴിക്കോട് : കണ്ണഞ്ചേരി യിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 22- 10 -2020 വ്യാഴാഴ്ച രാത്രി 8.15 ഓടെയാണ് ഓടുമേഞ്ഞ ഇരുനില കെട്ടിടം തകർന്നു വീണത്. കണ്ണഞ്ചേരി സ്കൂളിന് സമീപമുള്ള ഏതാണ്ട് 50 വർഷം പഴക്കമുള്ള വീടാണ് തകർന്നത്. കണ്ണഞ്ചേരി നടുവീട്ടിൽ രാമചന്ദ്രൻ (64) ആണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി മരണമടഞ്ഞത്.
ദീപ ഫാൻസി ഷോപ്പ് ഉടമയാണ് രാമചന്ദ്രൻ. കടയിലേക്ക് വേണ്ട സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. കെട്ടിടം പൂട്ടി കടയ്ക്കു മുന്നിൽ നിൽക്കുമ്പോഴായിരുന്നു സംഭവം നടന്നത്. സ്ലാബിനു അടിയിൽ കുടുങ്ങിയ രാമചന്ദ്രനെ ജെസിബി ഉപയോഗിച്ച് സ്ലാബ് പൊളിച്ച് പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജില്ലാ കളക്ടർ എസ് സാംബശിവറാവു, കൗൺസിലർ നമ്പിടി നാരായണൻ , ബിജെപി സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി പി വിജയകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി.
രാമചന്ദ്രൻ അവിവാഹിതനാണ്. കണ്ണഞ്ചേരി നടുവീട്ടിൽ പരേതനായ വേലായുധന്റെയും സാവിത്രിയുടേയും മകനാണ്.
സഹോദരങ്ങൾ: എൻ വി മണി, സദാശിവൻ, ഗോപാലകൃഷ്ണൻ , മീന, പുഷ്പലത
