ന്യൂഡല്‍ഹി: 2020-21ലെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച നിരക്കുകള്‍ പുറത്ത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി കുറഞ്ഞു. ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 23.9 ശതമാനമായാണ് കുറഞ്ഞിരുന്നത്. രണ്ടാം പാദത്തിലും വളര്‍ച്ച നിരക്ക് കുറയുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് മേലുള്ള ആശങ്ക വര്‍ധിപ്പിക്കുകയാണ്.രണ്ട് പാദങ്ങളിലും തുടര്‍ച്ചയായി ഇടിവ് സംഭവിച്ചതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്.
അതേസമയം വൈദ്യുതി ഉത്പാദനത്തിലുള്ള തിരിച്ചുവരവും സ്ഥിരമായ കാര്‍ഷിക ഉത്പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി ഔദ്യോഗിക വിവരങ്ങള്‍ പറയുന്നു. തുടര്‍ച്ചയായ സാമ്പത്തിക ഇടിവോടെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ സമ്പദ് വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലാണെന്ന് മനസിലാക്കാം. ആദ്യ പാദത്തില്‍ കണ്ട മന്ദഗതിയിലായിരുന്ന ഉത്പാദന മേഖല പൂര്‍ണമായും കരകയറി. സെപ്റ്റംബര്‍ പാദത്തില്‍ അത് 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ ജൂണ്‍ പാദത്തില്‍ ഉത്പാദനത്തില്‍ മൊത്ത മൂല്യവര്‍ധനവ് 39.3 ശതമാനം കുറഞ്ഞു.നല്ല രീതിയിലുള്ള ഖരീഫ് വിതയ്ക്കലും ശക്തമായ മണ്‍സൂണും സെപ്റ്റംബര്‍ പാദത്തിലും കാര്‍ഷിക മേഖലയുടെ പ്രകടനത്തെ സ്ഥിരതയോടെ നിലനിര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക ജിവിഎ സെപ്റ്റംബര്‍ പാദത്തില്‍ 3.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ആദ്യ പാദത്തിലെ 3.4 ശതമാനം വര്‍ധനവ് ആവര്‍ത്തിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുണ്ടായ മാന്ദ്യത്തെത്തുടര്‍ന്നാണ് സമ്പദ്വ്യവസ്ഥ ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്
