റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജിലൻസ് റെയ്ഡുകളെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ,കെഎസ്എഫ്ഇയിലെ റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി

November 30, 2020 - 11:06 pm

തിരുവനന്തപുരം: കെ എസ് എഫ് ഇ യിലെ വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച(30/11/20) വൈകിട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആഭ്യന്തരം ഭരിക്കുന്നത് ഉപദേശകനല്ല. നിലനില്‍പിനെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് കെ എസ് എഫ് ഇ യിൽ വിജിലന്‍സ് പരിശോധന നടത്തിയത്. ഇത് ആദ്യത്തെ പരിശോധനയല്ല. 2019ല്‍ 18 പരിശോധനകള്‍ നടന്നിട്ടുണ്ട്. 2020ല്‍ കൊവിഡ് കാലമായതിനാല്‍ പരിശോധന അധികമുണ്ടായില്ല. പക്ഷെ, ശ്രീവാസ്തവയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് കൊടുത്തു. 24 പരിശോധനകള്‍ വിജിലന്‍സ് നടത്തിയത് ശ്രീവാസ്തവയുടെ നിര്‍ദ്ദേശ പ്രകാരം അല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

” വിജിലന്‍സിന് അവരുടേതായ ക്രമമുണ്ട്. ആ ക്രമം വെച്ചാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കാര്യങ്ങള്‍ നടക്കുക. അതില്‍ ശ്രീവാസ്തവയ്ക്ക് ഒരു റോളുമില്ല. ഇത്തരം കാര്യങ്ങളില്‍ അഡ്വയ്സർ എന്ന് പറയുന്ന ശ്രീവാസ്തവയ്ക്ക് സാധാരണ ഗതിയില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയില്ല. പൊലീസിന്റേയോ വിജിലന്‍സിന്റേയോ അല്ലെങ്കില്‍ ജയിലിന്റേയോ ഫയര്‍ ഫോഴ്‌സിന്റേയോ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളുടേയോ ദൈനംദിന നടത്തിപ്പിന്റെ കാര്യത്തില്‍ അഡ്വയ്സർ എന്ന നിലയ്ക്ക് അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അദ്ദേഹത്തിന് നേരിട്ട് ഒരു കാര്യവും നിയന്ത്രിക്കാനും കഴിയില്ല. നേരിട്ട് ഇടപെടാനും കഴിയില്ല. ആരും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമില്ല. ആരും അദ്ദേഹത്തില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമില്ല. ഇതാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന കാര്യം. എന്തിനാണ് ഇങ്ങനെയൊരു പച്ചക്കള്ളം പടച്ചുവിടേണ്ട കാര്യം?

സാധാരണ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ നടത്തുന്ന ഒരു മിന്നല്‍ പരിശോധന സംവിധാനമുണ്ട്. അത് അവര്‍ നടത്തുന്ന അവരുടേതായ സംവിധാനമാണ്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് വിജിലന്‍സ് നടത്തുന്നതാണ് ഇങ്ങനെയൊരു പരിശോധന. ഇത് പ്രകാരമുള്ള ഒരു രീതി ഏതെങ്കിലുമൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരം അവര്‍ക്ക് ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് ആ ക്രമക്കേടിനെപ്പറ്റി രഹസ്യാന്വേഷണം നടത്തും. ഇന്റലിജന്‍സ് നടത്തുന്ന രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വന്ന റിപ്പോര്‍ട്ട് ശരിയെന്ന് കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിലെ പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിനായി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് പരിശോധിച്ച് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കുകയും ചെയ്യും.

മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേതെങ്കിലും തരത്തിലുള്ള അനുമതി തേടില്ല. അവര്‍ തന്നെ കൊടുത്ത് അത് ചെയ്യുകയാണ് പതിവ്. ഈ മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുള്ള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് സംയുക്ത മഹസര്‍ തയ്യാറാക്കും. അതില്‍ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ തുടര്‍ പരിശോധന നടത്തിയ ആസ്ഥാനത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ അതിന്റെ വ്യാപത് പരിശോധിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് അന്വേഷണം, വകുപ്പുതല നടപടി സ്വീകരിക്കും. പ്രസ്തുത വകുപ്പിലെ സിസ്റ്റത്തിന്റെ വീഴ്ച്ച കൊണ്ടുണ്ടാകുന്ന ക്രമക്കേടുകളാണെങ്കില്‍ പുനപരിശോധന നടത്താനുള്ള നിര്‍ദ്ദേശവും മിന്നല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും. മിന്നല്‍ പരിശോധന നടത്തി അവര്‍ അപ്പാടെ നടപടിയെടുക്കുകയല്ല. അവരുടെ ശുപാര്‍ശയോടുകൂടി സര്‍ക്കാരിന് നല്‍കുകയാണ്.” മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് അന്വേഷണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പരസ്യമായി പറഞ്ഞിരുന്നു. ചട്ടപ്രകാരമല്ലാതെ എത്തുന്ന വിജിലൻസ് സംഘങ്ങളെ ഓഫീസുകളിൽ കയറ്റരുതെന്നും തോമസ് ഐസക് തിങ്കളാഴ്ച പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *