കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായ കനത്ത തിരിച്ചടിയിൽ കോൺഗ്രസ്സിനെതിരെ ഒളിയമ്പെയ്ത് യു ഡി എഫിലെ പ്രധാന സഖ്യകക്ഷികളായ മുസ്ലീം ലീഗും കേരള കോൺഗ്രസ്സ് ജോസഫും.
യു ഡി എഫിനു തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും മുസ്ലീംലീഗിന്റെ കോട്ടകൾ ഭദ്രമാണ് എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ കൃത്യമായി കോൺഗ്രസിനെതിരായ വിമർശനമാണ് ഒളിഞ്ഞിരിക്കുന്നത്. പി ജെ ജോസഫ് ഒരു പടി കൂടി കടന്ന് രണ്ടിടത്ത് കോൺഗ്രസ് കാല് വാരി എന്നു തുറന്നടിച്ചു. തങ്ങളുടെ സീറ്റുകൾ നഷ്ടമായിട്ടില്ലെന്നും നഷ്ടമായത് കോൺഗ്രസിന്റെ സീറ്റുകളാണെന്നും പി ജെ ജോസഫും പറഞ്ഞു. കോൺഗ്രസ്സിന്റെ സംഘടനാ ദൗർബല്യത്തെ കുറിച്ച് ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രനും പരാമർശിക്കുകയുണ്ടായി.
കെ. മുരളീധരനും ,കെ.സുധാകരനും കോൺഗ്രസ്സിനകത്തു നിന്നു തന്നെ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവും ഉയർത്തിയിട്ടുണ്ട്.
തോൽവിയുടെ തൊട്ടു പിന്നാലെ സഖ്യകക്ഷികൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് കോൺഗ്രസിന്റെ തലവേദന വർദ്ധിപ്പിക്കുകയാണ്.
