തിരുവനന്തപുരം: റിട്ട. ഡിജിപി ജേക്കബ്ബ് തോമസിന് നല്‍കാനുളള ശമ്പളവും ആനുകൂല്ല്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും ആനുകൂല്ല്യങ്ങളുമടക്കം 40,88,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണമാണ് ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
വിജിലന്‍സ് ഡയറക്ടറായിരിക്കെ ഒന്നര വര്‍ഷക്കാലത്തിലേറെ സസ്‌പെന്‍ഷനിലായ ജേക്കബ്ബ് തോമസ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് മെറ്റല്‍ ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡില്‍ നിയമിച്ചത്. അതുവരെ ഐഎഎസ്, ഐപിസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവിയായിരുന്നതിനാല്‍ മേധാവിയുടെ പദവിക്ക് തുല്ല്യമാക്കിയായിരുന്നു നിയമനം.
മുതിര്‍ന്ന ഡിജിപി ആയതിനാല്‍ കേഡര്‍ തസ്തികയായ പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നിയമിക്കണമെന്ന് ജേക്കബ്ബ് തോമസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണവും കേസുകളും ഉളളതിനാല്‍ നിയമിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
