ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ഗൂഢാലോചന, മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ഷക സമരത്തെ കുറിച്ചുള്ള ഗ്രെറ്റയുടെ ട്വീറ്റ് സമരത്തിന് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പോപ് സ്റ്റാര്‍ റിഹാനയുടെ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് ഗ്രെറ്റ ആദ്യ ട്വീറ്റ് ചെയ്യുന്നത്.
കര്‍ഷക സമരത്തിലുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗ്രെറ്റ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി ‘ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്’ ‘എന്ന ഹാഷ്ടാഗോടെയായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. ഒപ്പം അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും പങ്കുവെച്ചിരുന്നു.
വ്യാഴാഴ്ച(04/02/21) ഗ്രെറ്റ സമരം ചെയ്യുന്നവരെ എങ്ങിനെ പിന്തുണയ്ക്കാം എന്ന് ആളുകളെ ഉപദേശിക്കുന്ന ഒരു ടൂള്‍ കിറ്റ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പിന്നീട് ആദ്യം പങ്കുവെച്ച ടൂള്‍ക്കിറ്റ് നീക്കം ചെയ്യുകയും പുതുക്കിയ ടൂള്‍കിറ്റ് പങ്കുവെക്കുകയും ചെയ്തു. ഫെബ്രുവരി 13, 14 തീയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ഗ്രെറ്റ പറഞ്ഞിരുന്നു.
