ശ്രീനഗർ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിസയിൽ പാകിസ്ഥാനിലേക്ക് പോയ കാശ്മീരിൽ നിന്നുള്ള നൂറോളം യുവാക്കളെ കാണാതായതായി സുരക്ഷാ ഏജൻസി കണ്ടെത്തി. ഇവർ തീവ്രവാദ സംഘടനകളുടെ ‘സ്ലീപ്പർ സെല്ലുകളുടെ’ ഭാഗമായിരിക്കാൻ സാധ്യതയുണ്ടെന്ന് ഐപിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ ഏറ്റെടുക്കുകയും കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിനാൽ യുവാക്കളെ കാണാതാകുന്ന സംഭവങ്ങൾ ആനുപാതികമായി കുറയുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പാക്കിസ്ഥാൻ സന്ദർശിക്കുന്ന ഏതൊരു യുവാവിനെയും ഇന്റർ സർവീസസ് ഇന്റലിജൻസ് അംഗങ്ങൾ സമീപിക്കുമെന്നത് പ്രധാനമായ ഒരു വസ്തുതയാണെന്ന് അദ്ദേഹം പറയുന്നു. ഒന്നുകിൽ ഈ യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം നടത്തുകയും അതിനുശേഷം പരിശീലനം നൽകുകയും ചെയ്യുന്നുണ്ടാകും, അല്ലെങ്കിൽ ഇന്ത്യ – വിരുദ്ധ പ്രചാരണം നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ടാകും. “ഇത്തരം യുവാക്കളെ തിരിച്ചുകൊണ്ടുവരുന്നത് ഞങ്ങളുടെ മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്, ”താഴ്വരയിലെ പ്രത്യാക്രമണ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥൻ പറയുന്നു.
