തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉണ്ടാവും മുമ്പ് സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥാനകയറ്റം നല്‍കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ടു മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി. വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യതയില്ലാത്ത സംഘടനാ നേതാക്കള്‍ക്ക് ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കാനായി കോടതിവിധി മറികടന്ന് നിയമന ഉത്തരവിറക്കിയതായും സൂചന.
സാധാരണ ഗതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുമ്പോഴാണ് ആ തസ്തികയിലേക്ക് ഉദ്യോഗ കയറ്റം നടത്തുക. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ ഏപ്രില്‍ മെയ് മാസങ്ങളിലുണ്ടാകുന്ന വിരമിക്കല്‍ തസ്തികകളിലേക്ക് രണ്ടുമാസം മുമ്പേ നിയമനം നടത്തി. ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍, കെഫോണ്‍ കമ്പനിയുടെ ചുമതലയുളള ചീഫ് എഞ്ചിനീയര്‍,ഡിസ്ട്രിബ്യൂഷന്‍ചീഫ് എഞ്ചിനീയര്‍ ഐടി ആന്റ് സിആര്‍, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ തൃശൂര്‍ തുടങ്ങിയ 13 തസ്തികകളിലേക്കാണ് നിയമനം. ചരിത്രത്തിലാദ്യമായാണ് കെഎസ്ഇബിയില്‍ ഇത്തരത്തില്‍ നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ വിവിധ സംഘടനാ നേതാക്കള്‍ക്കായി കോടതി വിധി മറികടന്ന് ഹെഡ്മാസ്റ്റര്‍ നിയമനം നല്‍കി.യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കാനാണ് നീക്കം. 50 വയസ് കഴിഞ്ഞ എല്‍പി അദ്ധ്യാപകരെ യോഗ്യതയില്ലാതെ നിയമിക്കാന്‍ മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും ഹൈക്കോടതി ഇത് വിലക്കിയിരുന്നു. നിയമനം ലഭിച്ച ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ നിലവിലുളള സ്ഥിതി തുടരാനായിരുന്നു ഉത്തരവ്.
എന്നാല്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ 2021ജനുവരി 5ന് സര്‍ക്കാര്‍ വിജ്ഞാപനവും സര്‍ക്കുലറും ഇറക്കി. സര്‍ക്കുലര്‍ ഹൈക്കോടതി സറ്റേ ചെയ്‌തെങ്കിലും ഇത് മറികടന്ന് തൃശൂരില്‍ പ്രൊവിഷന്‍ ലിസറ്റ് പോലുമില്ലാതെ 63 പേരെയാണ് ഹെഡ്മാസ്റ്ററായി നിയമിച്ചത്. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍,പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ പ്രൊവിഷനല്‍ ലിസ്റ്റുമിറക്കി.
