കൊച്ചി: പൊളിച്ചുപണിത പാലാരിവട്ടം മേല്‍പാലം 5-3-2021 വെള്ളിയാഴ്ച വൈകിട്ട് സര്‍ക്കാരിന് കൈമാറും. ഭാരപരിശോധനകള്‍ പൂര്‍ത്തിയായ പാലത്തില്‍ അവസാന മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഭാരപരിശോധനാ റിപ്പോര്‍ട്ട് ആര്‍ബിഡിസികെക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറും . റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്ത് വകുപ്പും ആര്‍ബിഡിസി കെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും.
ഈ മാസം 10ന് മുമ്പ് പാലം തുറന്നു കൊടുത്തേക്കും. മേല്‍പ്പാലത്തിന്‍റെ അവസാനഘട്ട പരിശോധനകള്‍ക്കുവേണ്ടി ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഇന്നലെ പാലം സന്ദര്‍ശിച്ചിരുന്നു. പാലാരിവട്ടം പാലം ഒരു സന്ദേശമാണെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയാണ് ദൗത്യം ഏറ്റെടുത്തത്. പഴയപാലത്തിന്‍റെ കേടുപാടുകള്‍ എവിടെയൊക്കെയെന്ന് കൃത്യമായി അറിഞ്ഞ് പാലം പൊളിച്ചുപണിയല്‍ എളുപ്പത്തിലാക്കി . പണിവേഗത്തില്‍ തീര്‍ക്കാനായതില്‍ ഇ.ശ്രീധരന്‍ ഊരാളുങ്കലിന് നന്ദിപറഞ്ഞു.
