റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നേമത്ത് വികസന മുരടിപ്പായിരുന്നുവെന്ന് വി ശിവന്‍കുട്ടി

March 16, 2021 - 9:55 am

തിരുവനന്തപുരം : നാട്ടുകാരുടെ ‘അണ്ണന്‍’ വി.ശിവന്‍കുട്ടി നേമത്ത് മത്സരത്തിന് തയ്യാറായി കഴിഞ്ഞു. തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ തലസ്ഥാന വികസന കാര്യത്തിലെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി വോട്ടുതേടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നേമത്തിന് വികസന മുരടിപ്പായിരുന്നുവെന്ന് അദ്ദേഹം റോഡ് ഷോയില്‍ ആരോപിച്ചു.

ആറ്റുകാല്‍ ക്ഷേത്രമേഖലയുടെ വികസനത്തിനായി താന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടപ്പിലാക്കി തുടങ്ങിയ പദ്ധതികള്‍ രാജഗോപാല്‍ എംഎല്‍എ ആയപ്പോള്‍ നിലച്ചുപോയതായി അദ്ദേഹം ആരോപിച്ചു.ക്ഷേത്ര നഗരി ഉള്‍പ്പെട്ട 18 വാര്‍ഡിന്റെ സമഗ്ര വികസനമായിരുന്നു തന്റെ പദ്ധതിയുടെ കാതല്‍ എന്ന് അദ്ദേഹം സൂചിപ്പിച്ചു. എംഎല്‍എ ആയിരുന്നപ്പോള്‍ ബണ്ട് റോഡിനേയും ആറ്റുകാല്‍ ക്ഷേത്രപരിസരത്തേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിച്ചു. പോലീസ് എയ്ഡ് പോസ്റ്റ് അടക്കം സ്ഥാപിച്ചെന്നും അദ്ദഹം നേമത്തെ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ തവണ 8671 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ബിജെപിയുടെ ഒ.രാജഗോപാല്‍ ജയിച്ച മണ്ഡലം തിരിച്ചുപിടിക്കുകയാണ് ശിവന്‍കുട്ടിയുടെ ലക്ഷ്യം. ഞായറാഴ്ചവരെ പ്രധാന എതിരാളി ബിജെപി എന്നതായിരുന്നു ശിവന്‍കുട്ടിയുടെ പ്രവര്‍ത്തന രീതി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ എത്തുന്നതോടെ പ്രചരണ ശൈലിയും മാറ്റി. മുരളീധരന്‍ മത്സരം തൊഴിലാക്കിയ ആളാണെന്നും 15 നാള്‍കൊണ്ട് നേമത്ത് മുരളിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

എസ് എഫ് ഐയിലൂടെയാണ് ശിവന്‍കുട്ടി രാഷ്ട്രീയത്തിലെത്തുന്നത്. ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എസ് എഫ് ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി . നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്. തിരുവനന്തപുരം ഈസ്റ്റിലും നേമത്തും എംഎല്‍എ ആയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *