പട്യാല: മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ത് ലറ്റിക്കില്‍ ദേശീയ റെക്കോഡ് തകര്‍ത്താണു ശ്രീങ്കര്‍ ഒളിമ്പിക് യോഗ്യത നേടിയത്. അവസാന ശ്രമത്തില്‍ 8.26 മീറ്റര്‍ ചാടി ശ്രീശങ്കര്‍ തന്റെ തന്നെ 8.20 മീറ്ററിന്റെ റെക്കോഡ് തകര്‍ത്തു. ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് 8.22 മീറ്ററാണ്.ആദ്യ ചാട്ടത്തില്‍ തന്നെ എട്ട് മീറ്റര്‍ ചാടിയതോടെ റെക്കോഡ് തിരുത്താമെന്ന പ്രതീക്ഷയുണ്ടായെന്നു ശ്രീശങ്കര്‍ പറഞ്ഞു. 2018 ല്‍ ഭുവനേശ്വറിലാണ് ശ്രീങ്കര്‍ ആദ്യമായി ദേശീയ റെക്കോഡിട്ടത്. അന്ന് 8.20 മീറ്ററാണു ചാടിയത്. ഇന്നലെ മലയാളി താരം മുഹമ്മദ് അനസ് എട്ട് മീറ്ററുമായി വെള്ളി നേടി. 7.60 മീറ്ററിന്റെ ദൂരം കുറിച്ച കര്‍ണാടകയുടെ എസ്. ലോകേഷ് വെങ്കലം നേടി. കേരളത്തിന്റെ കെ.കെ. മുഹമ്മദ് സലീഹ് എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 7.32 മീറ്ററാണു സലീഹിന്റെ മികച്ച ദൂരം. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്ര വെള്ളി നേടി. നാല് മിനിറ്റ് 17.56 സെക്കന്‍ഡിലാണു ചിത്ര ഓടിയെത്തിയത്.
