കൊല്‍ക്കത്ത: ബംഗാളില്‍ നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ അടക്കമുള്ളവരാണ് പട്ടികയിലെ പ്രമുഖര്‍. 20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍ നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ നിന്ന് മല്‍സരിച്ചത്. അന്നദ്ദേഹത്തിന് വിജയിക്കാനായില്ല. അതേസമയം, ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പിയുമായ ദുലീപ് ഘോഷിന്റെ പേര് പട്ടികയിലില്ല. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പറഞ്ഞു കേട്ടിരുന്ന പേരുകളിലൊന്നാണ് ഘോഷിന്റേത്. മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതോടെയാണ് പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക് ഔദ്യോഗികമായി ആരംഭിച്ചത്. കേന്ദ്ര റെയില്‍ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുള്ള മുകുള്‍ റോയി, ദുലീപ് ഘോഷ് മത്സരിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിലേക്കു പോലും പരിഗണിക്കപ്പെടാന്‍ ഇടയുണ്ട്. സിറ്റിങ് എംപി ജഗന്നാഥ് സര്‍ക്കാര്‍, മുന്‍ ബിജെപി എംഎല്‍എ സമിക് ഭട്ടാചാര്യ, തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ സബ്യാസാച്ചി ദത്ത, ഷീല്‍ഭദ്ര ദത്ത, ജിതേന്ദ്ര തിവാരി, സുനില്‍ സിംഗ്, മുകുളിന്റെ മകന്‍ സുബ്രാങ്ഷു റോയ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.നടന്‍ രുന്‍ദ്രാനില്‍ ഘോഷ് ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും. നിലവില്‍ മമതാ ബാനര്‍ജിയുടെ മണ്ഡലമാണ് ഇത്. ഇത്തവണ മമത നന്ദിഗ്രാമില്‍ നിന്നാണ് ജനവിധി തേടുന്നത്. ഭബാനിപൂരില്‍ മുതിര്‍ന്ന നേതാവ് സുബഹന്ദാബ് കെറ്റ്ബാഡിയാണ് മല്‍സരിക്കുന്നത്. ഫാഷന്‍ ഡിസൈനറും ബിജെപി മഹിളാമോര്‍ച്ചയുടെ നേതാവുമായ അഗ്‌നിമിത്ര പോള്‍ നടന്‍ പര്‍നൊ മിത്ര, ബംഗാളി ഫോക് ഗായകന്‍ അസിം സര്‍കാര്‍ എന്നിവരും മല്‍സരരംഗത്തുണ്ട്.
