റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന മൂന്നുപേര്‍ പിടിയിലായി

March 22, 2021 - 8:26 am

ഹരിപ്പാട്: തെക്കന്‍ കേരളത്തില്‍ വ്യാപകമായി ബോട്ട് എഞ്ചിനുകളും വലമണികളും മോഷ്ടിക്കുന്ന പ്രതികള്‍ പിടിയിലായി.ആലപ്പുഴ പാതിരപ്പളളി വില്ലേജില്‍ തെക്കനാര്യാട് പഞ്ചായത്ത് 17ാം വാര്‍ഡ് തെക്കേപാലക്കല്‍ വീട്ടില്‍ ബിജു(40), ആലപ്പുഴ നഗരസഭകൊറ്റംകുളങ്ങര വാര്‍ഡ് കാളാത്ത് ഗുരുമന്ദിരത്തിന് സമീപം കാളാത്ത വെളിയില്‍ വീട്ടില്‍ ശ്യംലാല്‍ (45),കോമളപുരം വില്ലേജില്‍ തെക്കനാര്യാട് പഞ്ചായത്ത് പത്താം വാര്‍ഡ് തലവടി ഗ്യാസ് ഏജന്‍സിക്ക് വടക്കുവശം ഒറ്റക്കണ്ടത്തില്‍ ലിജോ ചാക്കോ (ലിജോമാന്‍-33) എന്നിവരാണ് പിടിയിലായത്.

ജില്ല പോലീസ് മേധാവി ജയദേവിന്റെ നിര്‍ദ്ദേശ പ്രകാരം കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ബിജു 2014ല്‍ തോട്ടപ്പളളി കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ നാലുകേസുകളില്‍ പ്രതിയും രണ്ടുതവണ ജയില്‍വാസമനുഭവിച്ചിട്ടുളള ആളുമാണ്. ഹൗസ് ബോട്ട് ജീവനക്കാരനായ പ്രതി കാറുകള്‍ വാടകയ്‌ക്കെടുത്ത് മറ്റുപ്രതികള്‍ക്കൊപ്പം രാത്രികാലങ്ങളില്‍ സഞ്ചരിച്ച് തീരപ്രദേശങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ നിരവധി ബോട്ട് എഞ്ചിനുകളും 1000കിലോയിലധികം വലമണികളും മോഷ്ടിക്കുകയും ലക്ഷക്കണക്കിന് വലകള്‍ കീറി നശിപ്പിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് മോഷണം രൂക്ഷമായതോടെ തൃക്കുന്നപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴ മുതല്‍ വലിയഴീക്കല്‍ വരെയുളള കരയോഗങ്ങളുടേയും ബോട്ടുടമകളുടെയും മത്സ്യതൊഴിലാളികളുടെയും പഞ്ചായത്ത് മെമ്പര്‍മാരുടേയും കൂട്ടായ്മ രൂപീകരിച്ചു. ഇതിനിടെ മത്സ്യ ബന്ധന വളളത്തില്‍ ഉപയോഗിക്കുന്ന എഞ്ചിന്‍ വില്‍ക്കാനായി ഒരാള്‍ വരുന്നുവെന്ന് രഹസ്യവിവരം ലഭിച്ച മത്സ്യ തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിപിഒ മാരായ ഷാജഹാന്‍, കിഷോര്‍,രാഹുല്‍ എന്നിവര്‍ മത്സ്യതൊഴിലാളികളുടെ വേഷത്തില്‍ ബിജുവിനെ സമീപിച്ച് എഞ്ചിന്‍ വേണമെന്നാവശ്യപ്പെട്ട് ചങ്ങാത്തത്തിലാവുകയും എഞ്ചിനുമായി വന്നപ്പോള്‍ പിടികൂടുകയുമായിരുന്നു. മോഷണം പോയ മൂന്ന് എഞ്ചിനുകളും 200കിലോയോളം വലമണികളും കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തൃക്കുന്നപ്പുഴ സിഐ ടി ദിലീഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജുമോന്‍, ബാലു, തങ്കരാജ്, ജയചന്ദ്രന്‍ ഓമനക്കുട്ടന്‍, നാസര്‍, സിപിഓ മാരായ ബാബു.ഷാജഹാന്‍, കിഷോര്‍,രാഹുല്‍ സജാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ബിജു മുമ്പ് തൃക്കുന്നപ്പുഴയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ പ്രദേശത്തെത്തുന്നത് ആരും സംശയിച്ചിരുന്നില്ല. മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ പകല്‍ കണ്ടുവയ്ക്കും. വലമണികള്‍ അറുത്ത് ഫോര്‍ട്ടു കൊച്ചിയിലും വൈപ്പിനിലുമുളള ആക്രികടകളിലാണ് വിറ്റിരുന്നത്. ബോട്ടുടമയാമെന്നാണ് ആക്രിക്കടക്കാരോട് പറഞ്ഞിരുന്നത്. വളളത്തിലുപയോഗിക്കുന്ന എഞ്ചിനുകള്‍ ആവശ്യമുളളവരെ കണ്ടെത്തിയശേഷം അവര്‍ക്ക് വേണ്ട പവറുളള എഞ്ചിന്‍ മോഷ്ടിച്ച് നല്‍കുകയായിരുന്നു പതിവ്. ഒന്നിലധികം ആളെ കൂടെ കൂട്ടാത്ത ബിജു മോഷണ മുതലുകള്‍ വിറ്റുകിട്ടുന്ന തുക ആഡംബര ജിവിതത്തിനാണ് വിനിയോഗിച്ചിരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *