ന്യൂഡല്‍ഹി: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെ വെടിവെയ്പ്പു നടത്തിയ സംഭവത്തില്‍ എബിവിപി നേതാവ് കുല്‍ദീപ് യാദവ് അടക്കം 14 പേര്‍ അറസ്റ്റില്‍. 33 പേര്‍ക്കെതിരെയാണ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെ വെടിവെയ്പ്പു നടന്നെന്ന ഭാരതീയ കിസാന്‍ യൂണിയന്റെ ആരോപണം പോലിസ് തള്ളി. വെടിവെയ്പ്പു നടന്നിട്ടില്ലെന്നും കല്ലുകളും വടികളും കൊണ്ടാണ് വാഹനത്തിനു നേരെ ആക്രമണം നടത്തിയതെന്നുമാണ് പോലീസ് വാദം. ഹര്‍സോളിയിലെ മഹാകിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
