റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി പി എമ്മിന് മൃഗീയ ഭൂരപക്ഷമുള്ള നാട്ടിലെ അമ്പലപ്പറമ്പിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് , പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

April 16, 2021 - 2:17 pm

കണ്ണൂർ : സി പി എമ്മിന് മൃഗീയ ഭൂരിപക്ഷമുളള ഗ്രാമ പഞ്ചായത്താണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം. കുഞ്ഞിമംഗലത്തെ പ്രസിദ്ധമായ മല്ലിയോട്ട് പാലോട്ട് കാവിൽ ‘വിഷുവിളക്ക് ‘ ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട ബോർഡുകൾ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത് സി പി ഐ എമ്മിനെ. ‘ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല’ എന്നതാണ് ബോർഡിലെ വാചകം.

ബോർഡിനെതിരെ ഫേസ്ബുക്ക് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധമാണ് 16/04/21വ്യാഴാഴ്ച മുതൽ ഉയരുന്നത്.

തികഞ്ഞ മുസ്ലീം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകള്‍ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കമന്റുകള്‍ ഉയരുന്നുണ്ട്. ചിത്രം പങ്കുവെച്ചുകൊണ്ട് പലരും ജോജി എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന വിധത്തില്‍ യെസ് യുവര്‍ ഓണര്‍, നിങ്ങളാണല്ലോ കോടതി എന്നും പരിഹസിക്കുന്നുണ്ട്.

അതേസമയം ബോര്‍ഡിനെച്ചൊല്ലി രാഷ്ട്രീയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുകയാണ്. കേരളത്തില്‍ സംഘപരിവാര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനയായി വേണം ഇത്തരം അറിയിപ്പുകളെ കാണാനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം പ്രദേശം സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണെന്നും അതിനാല്‍ പാര്‍ട്ടിക്കും ഇത്തരമൊരു വിഷയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും കുറ്റപ്പെടുത്തലുകള്‍ വരുന്നുണ്ട്.
പത്തു വർഷത്തിലേറെയായി ഉത്സവകാലത്ത് ഈ ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഉത്സവകാലത്തുണ്ടായ ഒരു സംഘർഷത്തെ തുടർന്നാണ് ബോർഡ് വച്ചതെന്നുൾപ്പടെ ധാരാളം വാദങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
കുഞ്ഞിമംഗലത്തെ പാർടി ഗ്രാമത്തിലെ മതേതരത്വം തൊട്ടു തീണ്ടാത്ത ബോർഡിനെതിരെ സി പി എം പ്രവർത്തകർ തന്നെ ഉൾപ്പെട്ട കാവ് കമ്മറ്റിയിൽ നാളിതുവരെ ഒരു പ്രതിഷേധവും ഉയർന്നിരുന്നില്ല എന്നും പറയപ്പെടുന്നു. ജാതി അധിക്ഷേപത്തെ തുടർന്ന് നാട്ടിൽ നിന്നു തന്നെ പലായനം ചെയ്യേണ്ടി വന്ന ഓട്ടോ ഡ്രൈവർ ചിത്രലേഖയും കുഞ്ഞിമംഗലം സ്വദേശി തന്നെയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *