റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമീറുൾ ഇസ്ലാം നിരപരാധിയാകാമെന്ന് മനുഷ്യാവകാശ പ്രവർത്തക അമ്പിളി ഓമനക്കുട്ടൻ, വീണ്ടും പുകഞ്ഞ് ജിഷ വധക്കേസ്

April 18, 2021 - 4:17 pm

കൊച്ചി: കേരളത്തെ നടുക്കിയ ജിഷ വധക്കേസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും ചർച്ചയാവുകയാണ്. 2021 ഏപ്രിൽ 8 ന് മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ അമ്പിളി ഓമനക്കുട്ടൻ പോസ്റ്റ് ചെയ്ത ഒരു ഫെയ്സ് ബുക്ക് കുറിപ്പാണ് ജിഷ വധക്കേസിനെ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പടെ വീണ്ടും ചർച്ചയാക്കിയത്. ജിഷ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന അമീറുൾ ഇസ്ലാമിനെ സന്ദർശിച്ച ശേഷം ഉണ്ടായ സംശയങ്ങളാണ് അമ്പിളി ഓമനക്കുട്ടൻ എഴുതിയിരിക്കുന്നത്. അമീറുൾ ഇസ്ലാം നിരപരാധിയായിരിക്കാമെന്ന നിഗമനത്തിലാണ് അമ്പിളി എത്തിച്ചേരുന്നത് .

അമ്പിളിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :

‘വിയ്യൂർ സെൻട്രൽ ജയിലിന്റെ കനത്ത ഇരുമ്പു മറയ്ക്കപ്പുറം അവൻ 17/04/21 ശനിയാഴ്ച എന്റെ മുൻപിൽ വന്നു നിന്നു. പെരുമ്പാവൂർ ജിഷ കൊലപാതക കേസിലെ വധശിക്ഷയ്ക്ക വിധിച്ച പ്രതി അമീറുൾ ഇസ്ലാം. ഈ കേസിനെ കുറിച്ചു പഠിക്കും തോറും കൂടുതൽ കൂടുതൽ സങ്കീർണതകളിലേയ്ക്ക് അതെന്നെ നയിച്ചിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരു വിധിയും പ്രതിയുമാണ് എന്നും ഈ കേസിന്റെ നാൾവഴികളിൽ ഞാൻ കണ്ടിട്ടുള്ളത്. അരമണിക്കൂറിലേറെ ഞങ്ങൾ സംസാരിച്ചു.

  1. പ്രതി നന്നായി മലയാളം സംസാരിക്കുന്ന ഒരാൾ ആയിരുന്നിട്ടു കൂടി, അമീറിന് മലയാളം അറിയില്ലെന്നും ഒരു ദ്വിഭാഷിയുടെ സഹായം തേടിയെന്നും പോലീസ് കള്ളം പറഞ്ഞു.
  2. ജിഷ മരിച്ച ദിവസം മൂന്നു മണിക്ക് പ്രതി തന്റെ മാതാവിന്റെ ഓപ്പറേഷൻ ആയതിനാൽ ആറുമണിയുടെ ട്രെയിന് ആസാമിൽ പോകുന്നതിനായി പെരുമ്പവൂരിൽ നിന്ന് റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയിരുന്നു. ജിഷ കൊല്ലപ്പെടുന്നത് വൈകുന്നേരം അഞ്ചരക്ക് ശേഷമാണ്.
  3. അവിടെ ചെന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം പ്രതിയെ അപ്പോഴത്തെ പോലീസ് മേധാവി സെൻകുമാർ വിളിച്ചു സംസാരിക്കുകയും പ്രതി തിരിച്ചു വന്നപ്പോൾ ആലുവ സ്റ്റേഷനിൽ ഹാജറാവുകയും തന്റെ പ്രൂഫ്, ട്രെയിൻ ടിക്കറ്റ് എന്നിവ അവിടെ നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഇതേ കുറിച്ചൊന്നും രേഖയിൽ വന്നില്ല. ഇതിനെ അവർ നിഷേധിച്ചപ്പോൾ അന്നത്തെ cctv നോക്കാൻ ആവശ്യപ്പെട്ടപ്പോൾ അന്നു മാത്രം അത് കേടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
  4. വീണ്ടും ജോലി കുറവായ പ്രതി രോഗിയായ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരെ സംരക്ഷിക്കേണ്ടതിനാൽ ജോലിയ്ക്കായി തമിഴ് നാട്ടിൽ പോകുന്നു. അവിടെ ജോലി ചെയ്തു വരവെ വീണ്ടും പോലീസ് വിളിക്കുകയും അവന്റെ ഒപ്പം റൂമിൽ ഉണ്ടായിരുന്ന ഒരാളെ കഞ്ചാവ് കേസിൽ പിടിച്ചിട്ടുണ്ടെന്നും അവനും അതിൽ പങ്കുണ്ടെന്നും പറയുന്നു, എന്നാൽ അവൻ അത് നിഷേധിക്കുന്നു. എന്നാൽ പോലീസ് കഞ്ചാവ് കേസിന്റെ പേര് പറഞ്ഞു സോജനും മറ്റു പോലീസുകാരും ചേർന്ന് കാഞ്ചിപുരത്ത് നിന്ന് അമീറിനെ അറസ്റ്റ് ചെയ്തു കൊണ്ട് വരുന്നു. ഇവിടെ എത്തുമ്പോഴാണ് പ്രതി ജിഷയുടെ കൊലപാതക കേസിനാണ് തന്നെ പിടിച്ചതെന്ന് മനസ്സിലാക്കുന്നത്.
  5. അന്നും ഇന്നും അവൻ അല്ലാഹുവിനെ ആണായിട്ട് പറയുന്നു തനിക്ക് ഈ കാര്യത്തിൽ ഒരു പങ്കും ഇല്ലെന്ന്. പോലീസ് കൊണ്ട് വന്ന അമീറിന്റെ ചെരുപ്പുകൾ ഒൻപതു ഇഞ്ചാണ്, എന്നാൽ അവന്റെ പാദത്തിന്റെ അളവ് ഏഴ് ഇഞ്ചാണ്. പിന്നെ ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ദന്തക്ഷതങ്ങൾ പല്ലിനു വിടവുള്ള ഒരാളുടേതാണ് , പക്ഷെ അവന്റെ പല്ലുകൾ ഏറ്റവും അടുത്തിരിക്കുന്നതാണ്.
  6. ഞങ്ങൾ സംസാരിക്കുന്നതിനിടയ്ക്ക് അവൻ തന്റെ ഷർട്ട്‌ പൊക്കി ചില കരുവാളിച്ച അടയാളങ്ങൾ കാണിച്ചു തന്നു. അതൊക്കെ സന്ധ്യ ഐ പി എസ് കുറ്റം സമ്മതിയ്ക്കാൻ പറഞ്ഞു ചെയ്തു കൂട്ടിയതാണെന്ന് അവൻ പറഞ്ഞു കരഞ്ഞു. ലാത്തിയുടെ അടിയുടെയും കുത്തിന്റെയും പാടുകൾ, ബൂട്ടിട്ട് ചവിട്ടിയ അടയാളങ്ങൾ.
  7. അന്നും ഇന്നും അമീറുൾ ആണ് പ്രതിയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. അവനെ പെടുത്തിയത് തന്നെയാണ് എന്ന് എന്റെ വിശ്വാസം. കാരണം ഈ ക്രൂരകൃത്യം ചെയ്തവർക്കും അവരെ സംരക്ഷിക്കേണ്ട ഉന്നതർക്കും വേണ്ടി പോലീസിലെ കാലുനക്കി ക്രിമിനലുകൾ ചേർന്ന് അതി വിദഗ്ദമായി ഒരുക്കിയ വാരിക്കുഴിയിൽ വീണു പോയ ഒരാളാണ് അമീറുൾ. അവനെ കാണുമ്പോൾ തന്നെ നമ്മുക്കത് ബോധ്യം ആവും. അവർക്ക് ജനങ്ങൾക്ക് കാണിച്ചു കൊടുക്കാൻ ഒരു പ്രതിയെ വേണമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത, ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിലെ ഒരാളെ അവർ ഇതിനായി തെരെഞ്ഞെടുത്തു, അവന്റെ കൈയിൽ ഉണ്ടായിരുന്ന മുഴുവൻ തെളിവുകളും നശിപ്പിച്ചു.
  8. പിന്നെ ഡി എൻ എ ടെസ്റ്റിലോ, കോടതിയിലോ വിശ്വസിക്കേണ്ടതില്ല. അതൊക്കെ പണത്തിനും അധികാരത്തിനും മുൻപിൽ മാറിമറിയും. പാവപ്പെട്ട ഒരാളെ പ്രതിയാക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടാക്കാനാണോ പ്രയാസം.?
Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *