റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധു നിയമനം , കെ ടി ജലീലിന് കനത്ത തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി

April 20, 2021 - 5:07 pm

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നും ഹൈക്കോടതി 20/04/21ചൊവ്വാഴ്ച വ്യക്തമാക്കി.

ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍ക്കാരിന് എ ജി നല്‍കിയ നിയമോപദേശം.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീല്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതില്‍ നിന്ന് അവസാന നിമിഷം സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.

കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പിന്‍മാറ്റം. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.എന്നാല്‍ ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു ജലീലിന്റെ വാദം. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.

ഹൈക്കോടതി ഉത്തരവ് കൂടി വന്ന സാഹചര്യത്തില്‍ കെ.ടി.ജലീല്‍ ലോകായുക്ത വിധി ചോദ്യം ചെയ്ത് മറ്റൊരു കോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *