കണ്ണൂർ: കണ്ണൂർ കുഞ്ഞിമംഗലത്ത് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരനെ ജാതീയമായി അധിക്ഷേപിച്ചതായി ആരോപണം. കുഞ്ഞിമംഗലത്തെ ഒരു സമുദായ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങിൽ വച്ച് ജാതിവിവേചനം അനുഭവിക്കേണ്ടിവന്നതായി ആരോപിച്ച് തെയ്യം കലാകാരനായ സജീവ് കുറുവാട്ടാണ് രംഗത്തുവന്നത്. ആദരിക്കൽ ചടങ്ങിൽ മറ്റു രണ്ടു പേരെ പൊന്നാട പുതപ്പിച്ചപ്പോൾ തനിക്കു മാത്രം അത് കയ്യിൽ വച്ചു തരികയായിരുന്നുവെന്ന് സജീവ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. എപ്രിൽ 24 ശനിയാഴ്ചയായിരുന്നു സംഭവം.
സജീവ് കുറുവാട്ടിന്റെ ഫെയ്സ് ബുക് പോസ്റ്റിന്റെ പൂർണ രൂപം:
“കുഞ്ഞിമംഗലത്തെ ഒരു സമുദായ ക്ഷേത്രം എന്നെ ഇന്ന് പൊന്നാട നൽകി ആദരിക്കാൻ ക്ഷണിച്ചിരുന്നു. ഏതാണ്ട് 11 മണിയോടെ എത്തിയപ്പോൾ ശീവേലി നടക്കുകയാണ്. അത് കഴിഞ്ഞ് കവാടം ഉദ്ഘാടനവും കഴിഞ്ഞ് ആദരിക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ..
ആദരിക്കപ്പെടുന്നവരെ ഓരോരുത്തരെയായി വേദിയിലേക്ക് വിളിച്ച് ക്ഷേത്രം തന്ത്രി പൊന്നാടയണിയിച്ചു. ക്ഷേത്രം കോലധാരി കൂടിയായ ഈയുള്ളവനെ വേദിയിലേക്ക് വിളിച്ചപ്പോൾ തന്ത്രിയുടെ അടുത്തു നിന്ന മാന്യദേഹം പറയുന്നു.. പുതപ്പിക്കണ്ട … ഫലകവും പൊന്നാടയും കയ്യിൽ കൊടുത്താൽ മതിയെന്ന്..
അതെന്താ ഞങ്ങൾ അവർണരായതുകൊണ്ടാണോ എന്നെ മാത്രം വേദിയിൽ വേർതിരിച്ചു കണ്ടത്..?
ആ വേദിയിൽ ഞാൻ ആദരിക്കപ്പെടുകയായിരുന്നില്ല, അപമാനിക്കപ്പെടുകയായിരുന്നു..
വേണ്ടിയിരുന്നില്ല, വല്ലാത്ത വേദന മാത്രമാണ് തോന്നിയത്… ജാതീയതയെ മനസ്സിൽ പോറ്റുന്നവർ മേലിൽ ഇത്തരം വേദികളിലേക്ക് എന്നെ വിളിച്ചേക്കരുത് “
ഏപ്രിൽ 14 ന് ‘ഉത്സവകാലത്ത് മുസ്ലീംങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല’ എന്ന ബോർഡ് വച്ച മല്ലിയോട്ട് പാലോട്ട് കാവുള്ള അതേ ഗ്രാമ പഞ്ചായത്താണ് കുഞ്ഞിമംഗലം.
