ബർലിൻ: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സിൻ ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്‌സിൻ ജൂലൈയിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്‌സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ അറിയിച്ചു.
ബയോൺടെക് സി ഇ ഒയെ ഉദ്ധരിച്ച് ജർമ്മൻ മാഗസിൻ സ്പീഗലാണ് 29/04/21 വ്യാഴാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഞ്ച് വയസ്സിൽ താഴെയുള്ളവരിൽ ആറുമാസം പ്രായമായ കുഞ്ഞുങ്ങൾ വരെ ഉൾപ്പെടുമെന്നും കമ്പനി പറയുന്നു.
ഡാറ്റാ പരിശോധനയ്ക്ക് നാല് മുതൽ ആറ് ആഴ്ച്ചകൾ മാത്രമാണ് വേണ്ടി വരികയെന്നും ബയോൺടെക് കമ്പനി സി ഇ ഒ അറിയിച്ചു.
‘കാര്യങ്ങൾ നല്ലനിലയിൽ പുരോഗമിക്കുകയാണെങ്കിൽ പന്ത്രണ്ട് വയസ്സിൽ താഴെയും അഞ്ച് വയസ്സിൽ താഴെയുമുള്ള കുഞ്ഞുങ്ങൾക്ക് തയ്യാറാക്കിയ വാക്‌സിൻ പെട്ടെന്ന് തന്നെ അംഗീകാരത്തിന് വേണ്ടി സമർപ്പിക്കാനാകുമെന്നാണ് കരുതുന്നത്,’ സി ഇ ഒ ഊർ ഷാഹിനെ ഉദ്ധരിച്ച് സ്പീഗൽ റിപ്പോർട്ട് ചെയ്തു.
12 മുതൽ 15 വരെ പ്രായമുള്ള മുതിർന്ന കുട്ടികളിൽ അടിയന്തിര സാഹചര്യങ്ങളിൽ തങ്ങളുടെ വാക്‌സിൻ ഉപയോഗിക്കാനുള്ള അംഗീകാരം തേടി ബയോൺടെക്കും ഫൈസറും യൂറോപ്യൻ റഗുലേറ്റേഴ്‌സിനെ ഈ മാസം സമീപിച്ചിരുന്നു.പന്ത്രണ്ട് വയസ്സിനും അതിന് മുകളിലുള്ളവർക്കും വേണ്ടി നിർമ്മിക്കപ്പെട്ട വാക്‌സിന്റെ പരിശോധനകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു.
