കോട്ടയം: മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു. 05/05/21 ബുധനാഴ്ച പുലർച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു മെത്രൊപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിൽ ആയിരുന്നു. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
ഇരിവിപേരൂർ കലകമണ്ണിൽ കെ.ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം.
മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. ബെംഗളൂരു , കാന്റർബെറി എന്നിവിടങ്ങളിൽനിന്നായി വേദശാസ്ത്രവും പഠിച്ചു.
1944ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു, 1944 ജൂൺ 30ന് കാശീശാപ്പട്ടം നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. 1999 ഒക്ടോബർ 23ന് മാർത്തോമ സഭയുടെ പരമാധ്യക്ഷനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരിക ബുദ്ധിമുട്ട് കാരണം സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ 2ന് വലിയ മെത്രോപോലീത്തയായി.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു ക്രിസോസ്റ്റം തിരുമേനി. മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും ജീവിത കാലമത്രയും മാനവികതയ്ക്കായി നിലകൊള്ളുകയും ചെയ്ത ആത്മീയ നേതാക്കളിലൊരാളാണ് ഡോ ക്രിസോസ്റ്റം . ചിരിയും ചിന്തയും പ്രദാനം ചെയ്യുന്നവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
