ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി ഹരിയാന. കഴിഞ്ഞ ദിവസം ഹരിയാനയില്‍ 9,676 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 95,946 കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. ഹരിയാനയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 17/05/21 അവസാനിക്കാനിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം തന്നെ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത വര്‍ധിച്ചതായും, നിലവിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
