കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ ഹര്‍ജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
2014 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പശ്ചിമബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായിയില്‍നിന്ന് അന്നത്തെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ െകെക്കൂലി വാങ്ങിയെന്നാണു കേസ്. പണം വാങ്ങുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ നാരദന്യൂസ് പുറത്തുവിട്ടിരുന്നു. അറസ്റ്റിലായ നാലുപേരും 2014 ല്‍ മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. അന്നു തൃണമൂല്‍ എം.പിമാരായിരുന്ന മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവര്‍ക്കെതിരേയും ആരോപണമുണ്ടെങ്കിലും ഇവര്‍ക്കെതിരേ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. തൃണമൂല്‍ വിട്ട ഇരുവരും ഇപ്പോള്‍ ബി.ജെ.പി. എം.എല്‍.എമാരാണ്. അറസ്റ്റിലായ സോവന്‍ ചാറ്റര്‍ജി കൊല്‍ക്കത്ത മുന്‍ മേയറും മുന്‍ മന്ത്രിയുമാണ്. 2019 ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ചാറ്റര്‍ജി കഴിഞ്ഞ മാര്‍ച്ചില്‍ ബി.ജെ.പിയും വിട്ടിരുന്നു.ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. അപലപനീയമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.
