ബംഗളൂരു: സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം പറത്തിയപ്പോള്‍ എയര്‍ ഇന്ത്യ ക്യാപ്‌റ്റന്‍ സോയ അഗര്‍വാള്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു. എല്ലാജീവനക്കാരും സ്‌ത്രീകളായ കോക്കപിറ്റ് നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന യാത്രയുടെ ക്യാപ്‌റ്റനായിരുന്നു സോയ അഗര്‍വാള്‍. 2021 ജനുവരി 9നാണ് സോയക്ക് ഈ നേട്ടം കൈവരിക്കാനായത്. തന്റെ ജീവിതത്തെക്കുറിച്ചും പൈലറ്റ് ആവാന്‍ താന്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും ഈ ചരിത്ര യാത്രയുടെ അമരക്കാരിയായി തീര്‍ന്നതിന്റെ അനുഭവത്തെക്കുറിച്ചും ഹ്യൂമന്‍സ് ഓഫ് ബോംബെയോട് സോയ തുറന്നുപറയുന്നു.
തന്റെ എട്ടാം വയസിലാണ് പൈലറ്റ് ആവണമെന്ന ആഗ്രഹം ഉടലെടുത്തത്. അക്കാലത്ത് വീടിന്റെ ടെറസിലേക്കു പോയി വിമാനങ്ങള്‍ പറക്കുന്നത് നോക്കി നല്‍ക്കുകയും എന്നെങ്കിലും ഈ വിമാനങ്ങളിലൊന്ന് പറത്താന്‍ സാധിച്ചാല്‍ ആകാശം തൊടാന്‍ കഴിയുമെന്ന് കരുതുകയും ചെയ്‌തിരുന്നതായി സോയ പറയുന്നു. എന്നാല്‍ തന്റെ മദ്ധ്യവര്‍ഗ കുടുംബ പാശ്ചാത്തലം ഈ ആഗ്രഹങ്ങള്‍ക്ക് പരിമിതി ആയി നിന്നിരുന്നതായും അതുകൊണ്ടുതന്നെ ഈ ആഗ്രഹത്തെക്കുറിച്ച് മാതാപിതാക്കളോട് തുറന്നുപറയാന്‍ മടിച്ചിരുന്നുവെന്നും സോയ പറയുന്നു. എന്നാല്‍ ആഗ്രഹം കലശലായതിനെ തുടര്‍ന്ന് പത്താംക്ലാസ് പൂര്‍ത്തിയായതിനുശേഷം സോയ മാതാപിതാക്കളോട് സംസാരിച്ചു. അവരുടെ പ്രതികരണം അനുകൂലമായിരുന്നെങ്കിലും പൈലറ്റ് പരിശീലനത്തിന് എത്ര ചെലവുവരുമെന്ന ആശങ്ക അവരെ അലട്ടിയിരുന്നു.
എന്നാല്‍ നിശ്ചയ ദാര്‍ഢ്യം കൈവിടാതെ സോയ 11 ഉം 12 ഉം ക്ലാസുകളില്‍ സയന്‍സ് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിച്ചു. പന്ത്രണ്ടാം ക്ലാസിലെ പൊതുപരീക്ഷയില്‍ മികച്ച വിജയം നേടി. തുടര്‍ന്ന് ഭൗതിക ശാസ്‌ത്രത്തിലാണ് ബിരുദ പഠനം നടത്തിയത്. അതോടൊപ്പം ഒരു ഏവിയേഷന്‍ കോഴ്‌സ് പഠിക്കാന്‍ അപേക്ഷിക്കുകയും ചെയ്‌തു. ആ കോഴ്‌സിന് ഫീസടയ്‌ക്കാന്‍ ഇത്രയുംകാലം കരുതി വെച്ചിരുന്ന സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചു. കോളേജിലെ ക്ലാസ് കഴിഞ്ഞാല്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തുളള സ്ഥാപനത്തിലേക്ക് ഓടിയെത്തി ഏവിയേഷന്‍ ക്ലാസില്‍ പങ്കെടുത്തു. തന്റെ സ്വപ്‌നങ്ങള്‍ ബിരുദ പഠനത്തെ ബാധിക്കരുതെന്ന നിര്‍ബന്ധം സോയക്കുണ്ടായിരുന്നു. അങ്ങനെ ഉയര്‍ന്ന മാര്‍ക്കോടുകൂടി ബിരുദം കരസ്ഥമാക്കിയ സോയ തന്റെ സ്വപ്‌നം പിന്തുടരാന്‍ അനുമതി ചോദിച്ച് അച്ഛന്റെ അടുത്തെത്തി. ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ലോണെടുത്ത് മകളെ പഠിപ്പിക്കുവാന്‍ ആ പിതാവ് തീരുമാനിച്ചു. അവിടെയും സോയ ഉന്നത വിജയം നേടി.
പക്ഷെ തന്റെ കഷ്ടപ്പാടുകള്‍ അവസാനിച്ചില്ല. എയര്‍ ഇന്ത്യയില്‍ ജോലി ലഭിക്കുന്നതിന് മുമ്പ് ഏതാണ്ട് രണ്ടുവര്‍ഷക്കാലം ജോലിക്കായി കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ എയര്‍ ഇന്ത്യയില്‍ ഏഴ് ഒഴിവുകളിലേക്കായി 3,000 അപേക്ഷകരോടൊപ്പമാണ് സോയയും മത്സരിച്ചത്. ജോലിക്കുവേണ്ടിയുളള പരീക്ഷയുടെ നാലുദിവസം മുമ്പ് അച്ചന് ഹൃദയാഘാതമുണ്ടായത് മറ്റൊരു പരീക്ഷണമായി. എന്നാല്‍ മകളുടെ സ്വപ്‌നത്തിന് കാവലായി നിന്ന ആ അച്ഛന്‍ മകളെ നിര്‍ബന്ധിക്കുകയും അങ്ങനെ സോയ മുംബെയില്‍ പോയി പരീക്ഷ എഴുതുകയും ചെയ്‌തു. എല്ലാഘട്ടങ്ങളും താണ്ടി സോയക്ക് ആ ജോലി ലഭിക്കുകയും ചെയ്‌തു.
2004ല്‍ ദുബായിലേക്ക് ആദ്യ വിമാനം പറത്തിയപ്പോള്‍ ആകാശം തൊടണമെന്ന തന്റെ ഏറെക്കാലത്തെ ആഗ്രഹം സോയ സാക്ഷാല്‍ക്കരിക്കുകയായിരുന്നു. ഇപ്പോഴിതാ സ്‌ത്രീകള്‍ മാത്രം ഉള്‍പ്പെട്ട കോക്കപിറ്റ് നടത്തിയ ദൈര്‍ഘ്യമേറിയ വിമാന യാത്രയുടെ അമരക്കാരിയെന്ന അപൂര്‍വ നേട്ടവും സോയക്ക് സ്വന്തം.
