റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊടകര കുഴല്‍പ്പണ കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു, ഇ ഡി യുടെ നീക്കം ഹൈക്കോടതി ഇടപെടലിനു തൊട്ടുപിന്നാലെ

June 4, 2021 - 4:41 pm

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് 04/06/21 വെളളിയാഴ്ച ഇഡി അന്വേഷണം ആരംഭിക്കുന്നത്.

പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിന് വിദേശബന്ധമുണ്ടാ എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇഡി അറിയിക്കുന്നത്. പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇഡി അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് വ്യക്തമാക്കാന്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നും അതിനാല്‍ അന്വേഷണം ആരംഭിക്കാന്‍ ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ലോകതാന്ത്രിക് യുവജനതാദള്‍ നേതാവ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇഡിയോട് അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

കള്ളപ്പണമിടപാടുകള്‍ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണെന്നും ആരോപണമുയരുണ്ടെന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കോടതിയോട് പത്ത് ദിവസത്തെ സാവകാശമാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട പശ്ചാത്തലത്തില്‍ കേസ് തങ്ങളുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമോ എന്നാണ് നിലവില്‍ പരിശോധിക്കുന്നത്.

അതേസമയം, കേസിലെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കേസ് ആദായ നികുതി വകുപ്പിന്റെ പരിധിയില്‍ വരുന്നതാണെന്ന വിലയിരുത്തലിലാണ് കേസ് പരിഗണിക്കാതിരുന്നതെന്നാണ് സൂചന. തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ കാര്‍ അപകടം സൃഷ്ടിച്ച് കള്ളപ്പണം തട്ടിയെടുത്തുവെന്നാണ് കേസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *