കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ സമഗ്രമായ പഠനം നടത്തി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അറിയിച്ചു. വിശദമായ പഠനം നടത്തി പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സിഡബ്ല്യുആർഡിഎം നെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മേയറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ പദ്ധതി നടപ്പാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിച്ചു വരികയാണ്.
ഇതിന് മുന്നോടിയായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ‘മിഷൻ ബ്രഹ്മപുത്ര’ എന്ന പേരിലുള്ള ഈ പദ്ധതി ഈ മഴക്കാലത്തും തുടരുകയാണ്. ഇതിന്റെ തുടർച്ചയായാണ് നഗരസഭാ പരിധിയിലെ വെള്ളപ്പൊക്കം പരിഹരിക്കുന്നതിന് സമഗ്രമായ പഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിവിധ വകുപ്പുകളുടെ കീഴിലായി നടക്കുന്ന പദ്ധതികൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് നടത്തിയാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവൂ എന്ന് യോഗം വിലയിരുത്തി. കല്ലായ് പുഴ, ചാലിയാർ പുഴ, പൂനൂർ പുഴ, കനോലി കനാൽ, കോട്ടൂളി തണ്ണീർത്തടം തുടങ്ങിയവക്കായി ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടും സിഡബ്ല്യുആർഡിഎം മുമ്പ് നടത്തിയ വിശദമായ പഠനങ്ങളും മുൻനിർത്തി തയ്യാറാക്കുന്ന മാസ്റ്റർപ്ലാൻ നിലവിൽ വരുന്നതോടെ വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന ഡ്രെയിനേജ് നിർമ്മാണമുൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിന്റെ അടിസ്ഥാനത്തിൽ നടത്താൻ കഴിയുമെന്നും യോഗം വിലയിരുത്തി.
മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഡോ.എസ്.ജയശ്രീ ടീച്ചർ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി.സി.രാജൻ, നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി, കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി സജി.എസ്.എസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ രമേഷ്.കെ.പി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉദയൻ.കെ.വി, സി.ഡബ്ല്യു.ആർ.ഡി.എം ഉദ്യോഗസ്ഥരായ ഡോ.ഹരികുമാർ , ഡോ.ദൃശ്യ.ടി.കെ, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
